LiveTV

Live

Kerala

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ, എറിയാട്, ചാവക്കാട്, കടപ്പുറം മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. കൊച്ചിയിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂര്‍ ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 5 പേരെ രക്ഷിച്ചു. ഒരാള്‍ക്കായുളള തെരച്ചില്‍ തുടരുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം.കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, ഞാറക്കല്‍, നായരമ്പലം, എടവനക്കാട് തുടങ്ങിയ തീരങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. നിരവധി വീടുകളില്‍ വെളളം കയറി. വീടുകള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ജില്ലയില്‍ ഇതുവരെ 200ഓളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ, എറിയാട്, ചാവക്കാട്, കടപ്പുറം മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറി.

ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളില്‍ 5 പേരെ രക്ഷിച്ചു. ഒരാള്‍ക്കായുളള തെരച്ചില്‍ തുടരുന്നു. രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് കൊച്ചിയിലെത്തിച്ചു. കോഴിക്കോട് കൊയിലാണ്ടി കൊല്ലം പാറപ്പള്ളി ബീച്ചിൽ വീടുകളിൽ വെള്ളം കയറി. ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്.

പഴയങ്ങാടി, മൈതാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.