LiveTV

Live

Kerala

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടിട്ടും ദുരന്തം ഒഴിവായതിന് കാരണം ഇതാണ് 

വേർപ്പെട്ടതിനു പിന്നാലെ എഞ്ചിൻ അടക്കമുള്ള ഭാഗവും വേർപെട്ട ഭാഗവും നിശ്ചിത ദൂരം സഞ്ചരിച്ചതിനു ശേഷം നിൽക്കുകയായിരുന്നു. എഞ്ചിൻ ഭാഗം ഒരുകിലോമീറ്ററിൽ താഴെ മാത്രമാണ് സഞ്ചരിച്ചത്.

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടിട്ടും ദുരന്തം ഒഴിവായതിന് കാരണം ഇതാണ് 

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ തിരുവനന്തപുരം പേട്ടയിൽ വേർപ്പെട്ട സംഭവത്തിൽ വൻദുരന്തമൊഴിവായത് തീവണ്ടിയിലെ ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതിനാൽ. ഓടുന്നവണ്ടിയിൽ നിന്ന് ബോഗികൾ വേർപ്പെടുന്ന സാഹചര്യമുണ്ടായാൽ വണ്ടിയുടെ രണ്ട് ഭാഗത്തും ബ്രേക്ക് അപ്ലൈ ആകുന്ന സംവിധാനമുണ്ടെന്നും ഇക്കാരണത്താലാണ് വേർപ്പെട്ട കാര്യം യാത്രക്കാർ അറിയുക പോലും ചെയ്യാതെ വണ്ടിനിന്നതെന്നും റെയിൽവേ പി.ആർ ഓഫീസർ വ്യക്തമാക്കി.

Related: നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു; യാത്രക്കാരുമായി ബോഗികൾ പേട്ടയിൽ കുടുങ്ങി

9.30 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 16346-ാം നമ്പർ തിരുവനന്തപുരം സെൻട്രൽ - മുംബൈ ലോക്മാന്യതിലക് ടെർമിനൽ നേത്രാവതി (കുർള) എക്‌സ്പ്രസിന്റെ ബോഗികൾ പേട്ട സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പാണ് വേർപ്പെട്ടത്. എഞ്ചിനടക്കം എഞ്ചിനു പുറമെ 23 കംപാർട്ടുകളാണ് വണ്ടിയിലുള്ളത്. ഇതിൽ എഞ്ചിനും മൂന്ന് ബോഗികളും വേർപ്പെട്ടു പോവുകയായിരുന്നു. ബോഗികൾ തമ്മിൽ ഘടിപ്പിക്കുന്നതിൽ പറ്റിയ വീഴ്ചയാണോ ഇതിനു കാരണം എന്ന് പരിശോധിച്ചു വരികയാണ്.

വേർപ്പെട്ടതിനു പിന്നാലെ എഞ്ചിൻ അടക്കമുള്ള ഭാഗവും വേർപെട്ട ഭാഗവും നിശ്ചിത ദൂരം സഞ്ചരിച്ചതിനു ശേഷം നിൽക്കുകയായിരുന്നു. എഞ്ചിൻ ഭാഗം ഒരുകിലോമീറ്ററിൽ താഴെ മാത്രമാണ് സഞ്ചരിച്ചത്. ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനപ്രകാരമാണ് ബ്രേക്ക് വീണതെന്നും വണ്ടിഭാഗങ്ങൾ നിന്നതിനുശേഷം എഞ്ചിനടക്കമുള്ള ഭാഗങ്ങൾ തിരിച്ചെത്തിച്ച് ബോഗികളുമായി ഘടിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു. ലാക്കോപൈലറ്റും ഗാർഡും പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം 10.40 ഓടെയാണ് വണ്ടി പുറപ്പെട്ടത്. നിലവിൽ ഒരു മണിക്കൂറോളം വൈകിയാണ് വണ്ടി ഓടുന്നത്.

ഈ വർഷം ഏപ്രിലിൽ മൈസൂരിൽ നിന്ന് കച്ചിഗുഡയിലേക്ക പുറപ്പെട്ട എക്‌സ്പ്രസിന്റെ ബോഗികളും സമാനമായ രീതിയിൽ വേർപ്പെട്ടിരുന്നു. ബെംഗളുരു സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്റർ അകലെ ചന്നസാന്ദ്ര സ്‌റ്റേഷനിലായിരുന്നു സംഭവം. വണ്ടിയിൽ 2000-ലധികം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.