LiveTV

Live

Kerala

വാഹന സൗകര്യമില്ല; പനി ബാധിച്ച ആദിവാസി ബാലൻ മരിച്ചു

വാഹന സൗകര്യമില്ല; പനി ബാധിച്ച ആദിവാസി ബാലൻ മരിച്ചു

ആശുപത്രിയിലെത്തിക്കാന്‍ വാഹനസൌകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോതമംഗലത്ത് മൂന്ന് വയസ്സുള്ള ആദിവാസി ബാലന്‍ മരിച്ചു. രാത്രിയില്‍ കുട്ടിക്ക് പനി കൂടിയെങ്കിലും വാഹനസൌകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനായില്ല. പുലര്‍ച്ചെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പനി മൂര്‍ച്ഛിച്ച കുട്ടി മരിക്കുകയായിരുന്നു.

പൂയംകൂട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ കുടിയിൽ താമസക്കാരായ ശശി - മഞ്ജു ദമ്പതികളുടെ മകൻ മൂന്നു വയസുള്ള ശബരിനാഥാണ് മരിച്ചത്.

രണ്ടു ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇതേ തുടർന്ന് കുട്ടമ്പുഴ പി.എച്ചി.സിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ പനി കൂടുകയും ആദിവാസി കോളനിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിക്കുവാൻ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ബ്ലാവന കടത്ത് കടന്ന് വേണം ഇവർക്ക് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്താൻ.

കുട്ടിയുടെ മരണവിവരം അറിഞ്ഞ പിതാവ് ബോധരഹിതനായി ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനപ്രതിനിധികളും ബന്ധുക്കളും ആവശ്യപ്പെട്ടതനുസരിച്ച് മൃതദേഹം മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മതിയായ യാത്ര സൌകര്യവുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ മുമ്പും പ്രദേശത്ത് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.