LiveTV

Live

Kerala

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സി.പി.ഐ

സ്വയരക്ഷക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൂര്‍ണമായും തള്ളിയാണ് സിപിഐ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സി.പി.ഐ

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സി.പി.ഐ. വെടിയുണ്ട കൊണ്ട് എല്ലാം പരിഹരിക്കാം എന്ന് കരുതുന്നത് പ്രാകൃതമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമായി നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇസ്രത്ത് ജഹാന്‍ കേസ്. അത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.

സ്വയരക്ഷക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൂര്‍ണമായും തള്ളിയാണ് സിപിഐ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. സ്വയ രക്ഷക്കായിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം കാനം ചോദ്യം ചെയ്തു. മണിവാസകന്‍ രോഗം ബാധിച്ച് അവശനായ അവസ്ഥയിലായിരുന്നു എന്നാണ് അറിവ്. എന്നാല്‍ ഇയാളില്‍ നിന്ന് എ.കെ 47 തോക്ക് പിടിച്ചു എന്നാണ് പറയുന്നത്. സംഭവം നടന്ന സ്ഥലം ഘോരവനമൊന്നുമല്ല. അവിടെ ഒരു ടെന്റില്‍ ഇരുന്ന് ഇവര്‍ ഭക്ഷണം കഴിച്ചപ്പോള്‍ പോലീസ് വളരെ അടുത്ത് നിന്ന് വെടിവെച്ചു എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം. അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങൾക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണണമെന്നും കാനം.

തണ്ടര്‍ബോള്‍ട്ടിന്റെ ഈ രീതിക്ക് കേരള പോലീസ് കൂട്ടുനില്‍ക്കണമോ എന്ന കാര്യം ചിന്തിക്കണം. വെടിവെപ്പ് നടക്കുന്നിടത്തേക്ക് കാനം രാജേന്ദ്രനെ അയക്കണമെന്നാണ് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞത്. അവിടെ പോകാന്‍ തനിക്ക് മടിയൊന്നുമില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ തോക്കുകൊണ്ടല്ല മറുപടി പറയേണ്ടത്.