LiveTV

Live

Kerala

വര്‍ക്കല സ്കൂളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികള്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കി

സെല്ലിനകത്ത് തലയും കൈമുട്ടും കൊണ്ടിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരിക്കുണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

വര്‍ക്കല സ്കൂളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികള്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കി

തിരുവനന്തപുരം വര്‍ക്കല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികള്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കി. സെല്ലിനകത്ത് തലയും കൈമുട്ടും കൊണ്ടിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരിക്കുണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വര്‍ക്കല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘര്‍ഷമുണ്ടായത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കലോത്സവം നടക്കുന്ന വേദിയിലേക്ക് പടക്കം എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ നിരന്തരം പടക്കം എറിഞ്ഞതോടു കൂടി പ്രിന്‍സിപ്പാള്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കാമ്പസിനുള്ളിലേക്ക് കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയായിരുന്നു. ഇതില്‍ തുടര്‍ച്ചയായി പടക്കമെറിഞ്ഞ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇവര്‍ പ്രായപൂര്‍ത്തി ആയവരാണ്. സ്റ്റേഷനുള്ളില്‍ പരാക്രമം കാണിച്ചതോടെ ഇവരില്‍ രണ്ടുപേരെ സെല്ലിനുള്ളിലേക്ക് മാറ്റി. സെല്ലിലിട്ട വിദ്യാര്‍ത്ഥികള്‍ സ്വയം തല സെല്ലിലിടിക്കുകയും കൈമുട്ടുകള്‍ ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. പരിക്കുകള്‍ ഉണ്ടാക്കി.

കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെ വര്‍ക്കല സിഐയും എസ്.ഐയും രക്ഷിതാക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഈ വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പം പോയ വിദ്യാര്‍ത്ഥികള്‍ പിന്നീട് ആശുപത്രിയിലെത്തി അഡ്മിറ്റായ ശേഷം പൊലീസ് മര്‍ദ്ദിച്ചതായി പറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ സ്വയം മുറിവുണ്ടാക്കുകയും അത് പൊലീസിന്റെ തലയില്‍ കെട്ടിവെക്കുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.ഏതായാലും വര്‍ക്കല സ്കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഇവരുടെ സ്വാധീനവലയത്തില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. വര്‍ക്കല ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംഘങ്ങളെ പിടികൂടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പിടികൂടിക്കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വധശ്രമക്കേസിലെ പ്രതിയാണ്.