LiveTV

Live

Kerala

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ഇതില്‍ മൂന്ന് കുട്ടികളെ, സ്ഥിരം കാരിയര്‍മാരായി കഞ്ചാവ് മാഫിയ ഉപോയഗിച്ച് വരികയായിരുന്നു.

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഇന്ന് കഞ്ചാവുപയോഗത്തിനും കൈമാറ്റത്തിനും ഒരു സ്കൂളില്‍ നിന്ന് മാത്രം പിടിയിലായത് 15 സ്കൂള്‍ കുട്ടികള്‍. എക്സൈസ് വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കി. പല വിദ്യാര്‍ത്ഥികളുടെയും ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന് പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രാവിലെ ഒന്‍പത് മണിയോടെ തിരുവനന്തപുരം എക്സൈസ് സര്‍ക്കിളിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതേ സ്കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ വിവരം ലഭിച്ചത്. സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍കൂടി പിടിയിലായി. ഇതില്‍ മൂന്ന് കുട്ടികളെ, സ്ഥിരം കാരിയര്‍മാരായി കഞ്ചാവ് മാഫിയ ഉപോയഗിച്ച് വരികയായിരുന്നു. കുട്ടികളില്‍ ചിലരുടെ ശരീരത്തില്‍ ബ്ളേഡ് കൊണ്ട് വരഞ്ഞ് മുറിവുകള്‍ വരുത്തിയതായും കണ്ടെത്തി. ഡ്രഗ് ഉപയോഗിക്കുമ്പോഴുള്ള രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ മനപ്പൂര്‍വം മുറിവുകള്‍ ഉണ്ടാക്കുന്നതാണെന്നാണ് വിവരം. കുട്ടികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്കൂള്‍ സ്വീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ ഡി അഡിക്ഷനും നിര്‍ദ്ദേശം നല്‍കി. രക്ഷിതാക്കളെ വിളിച്ച് വരുത്തി എക്സൈസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക അയച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ യുവാവിനെ എക്സൈസ് തിരയുകയാണ്. ഇയാള്‍ സൌജന്യമായി കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത്. ഇത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം എക്സൈസ് ആരംഭിച്ചു.