LiveTV

Live

Kerala

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരായ നടപടി വൈകിയത് രേഖകള്‍ വൈകിയതിനാലെന്ന് കെ.കെ ശൈലജ

അഞ്ചു മാസം മുമ്പ് കോടതി രേഖ സഹിതം മീഡിയവണ്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നായിരുന്നു മന്ത്രി അന്വേഷണത്തിനുത്തരവിട്ടത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരായ നടപടി വൈകിയത് രേഖകള്‍ വൈകിയതിനാലെന്ന് കെ.കെ ശൈലജ

പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെതിരായ നടപടി വൈകിയത് കോടതി രേഖകള്‍ ലഭിക്കാന്‍ വൈകിയതു കൊണ്ടാണെന്ന് മന്ത്രി കെ.കെ ശൈലജ. ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. അഞ്ചു മാസം മുമ്പ് കോടതി രേഖ സഹിതം മീഡിയവണ്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നായിരുന്നു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

വാളയാര്‍ കേസിലെ പ്രതി പ്രദീപ്കുമാറിന് വേണ്ടി വക്കാലത്തുള്ള അഭിഭാഷകനെയാണ് സര്‍ക്കാര്‍ സി.ഡബ്യു.സി ചെയര്‍മാനായി നിയമിച്ചത്. ചുമതലയേറ്റ ശേഷവും അഡ്വ. എന്‍ രാജേഷ് കോടതിയില്‍ ഹാജരാവുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്ത് വിട്ടത് കഴിഞ്ഞ മെയ് പതിനൊന്നിനാണ്. മെയ് അഞ്ചിന് സി.ഡബ്യു.സി യോഗമുള്ളതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് രാജേഷ് കോടതിയെ അറിയിച്ചുവെന്ന കോടതി നടപടിയുടെ രേഖ മെയ് 14ന് മീഡിയവണ്‍ പുറത്തുവിട്ടു.

അന്വേഷണം നടത്തിയ സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് സി.ഡബ്യു.സി അംഗങ്ങളില്‍ നിന്നും അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവനില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍, രാജേഷ് കോടതിയില്‍ ഹാജരായതിന് ദൃക്‌സാക്ഷിയായ അഡ്വ. ജലജയുടെ മൊഴി രേഖപ്പെടുത്തിയില്ല. രാജേഷ് ഹാജരായതിന് തെളിവായ കോടതി രേഖ ലഭിക്കാന്‍ വൈകിയതിനാലാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറടുടെ റിപ്പോര്‍ട്ട് വൈകിയതിന് കാരണമെന്നാണ് മന്ത്രി കെ.കെ ശൈലജയുടെ വിശദീകരണം.

റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്ന് മന്ത്രി പറയുന്ന രേഖ കോടതി വെബ്‌സൈറ്റില്‍ പൊതുജനത്തിന് ലഭ്യമായ ഒന്നാണ്. സി.ഡബ്യു.സി ചെയര്‍മാനായിരിക്കെ പ്രതിഭാഗം അഭിഭാഷകനായി കേസില്‍ സാക്ഷി വിസ്താരം നടത്തിയെന്ന ഗുരുതര ആരോപണമാണ് രാജേഷിനെതിരെ ഉയരുന്നത്. മൈനറായ ഒരു സാക്ഷി കൂറുമാറിയതായും മൂന്ന് മുഖ്യസാക്ഷികളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍ പീഡനത്തിനിരയായ വിവരം താനറിഞ്ഞത് പൊലീസില്‍ നിന്നാണെന്നാണ് കുട്ടികളുടെ മാതാവ് കോടതിയില്‍ മൊഴി നല്‍കിയതെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.