LiveTV

Live

Kerala

വാളയാര്‍ കേസ് അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍; കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്

ഇളയ പെണ്‍കുട്ടിയുടെ മൊഴി മൂത്ത പെണ്‍കുട്ടിയുടെ മരണത്തിലെ കുറ്റപത്രത്തിലില്ല എന്ന വിവരങ്ങളാണ് പുറത്ത് വന്നത്

വാളയാര്‍ കേസ് അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍; കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്

വാളയാർ കേസിൽ പൊലീസ് വീഴ്ച്ചയുടെ പുതിയ തെളിവുകൾ പുറത്ത്. മൂത്ത പെൺകുട്ടി മരിച്ച സമയത്ത് ഇളയ പെൺകുട്ടിയുടെ മൊഴി രേഖപെടുത്താൻ പൊലീസ് തയ്യറായില്ല. പെൺകുട്ടിയുടെ നിർണായക മൊഴി ഇല്ലാതെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിമൊഴികളുടെയും ,കുറ്റപത്രത്തിന്റെയും പകർപ്പ് മീഡിയ വണിന് ലഭിച്ചു.

വാളയാറില്‍ ആദ്യം മരിച്ച 13 വയസ്സുകാരിയുടെ കേസ് അന്വേഷണത്തിലാണ് പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയത്. മൂത്ത കുട്ടി മരിച്ച സമയത്ത് മുഖം മറച്ച രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തല്‍ മൊഴിയായി പൊലീസ് രേഖപ്പെടുത്തിയില്ല. ഇളയകുട്ടിക്ക് പീഡനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അറിയാമായിരുന്നെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. എന്നിട്ടും ഇളയകുട്ടിയുടെ മൊഴി ഇല്ലാതെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപെടുത്താന്‍ കോടതിയുടെ അനുമതി വേണം. ഇതിനുള്ള അപേക്ഷ പോലും പൊലീസ് നല്‍കിയില്ല. ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയിരുന്നെങ്കിൽ മുഖം മൂടി ധരിച്ച് ഓടി പോയവരെ കണ്ടെത്താൻ കഴിയുമായിരുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റേയും സാക്ഷി മൊഴികകളുടേയും പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

തുടരന്വേഷണമടക്കമുള്ള കാര്യങ്ങള്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു.