LiveTV

Live

Kerala

താനൂരിലെ മുസ്‍ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പി ജയരാജന് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

താനൂരിലെ മുസ്‍ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പി ജയരാജന് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

താനൂരിൽ മുസ്‍ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പി ജയരാജന് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ജയരാജന്‍ ഒക്ടോബർ 11ന് താനൂർ സന്ദർശിച്ച ശേഷമാണ് കൊലപാതകത്തിന്റെ കൗൺഡൗൺ തുടങ്ങിയതെന്നും, ജയരാജൻ മരണത്തിന്റെ ദൂതനായി മാറുകയാണോയേന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതികൾ ആരായാലും സർക്കാരും പൊലീസും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിന്റെ കൊലപാതകികൾ സി.പി.എം പ്രവർത്തകർ ആണെന്നും, ഇവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. പ്രതികൾ സി.പി.എം പ്രവർത്തകർ ആണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചില്ലെന്ന് പറഞ്ഞ എം.കെ മുനീർ കേസിൽ പി ജയരാജന് പങ്കുണ്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. പള്ളികളിൽ അധികാരം പിടിക്കാനുള്ള ലീഗിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന താനൂർ എം.എൽ.എ വി അബ്ദുൽ റഹ്മാന്റെ പരാമർശം ഭരണ പ്രതിപക്ഷതർക്കത്തിന് വഴിവെച്ചു.

സഹോദരനെ അക്രമിച്ചതിന്റെ പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ പ്രതികൾ അക്രമിച്ചതെന്നും, സമാധാന സംഭാഷണങ്ങൾക്ക് ശേഷവും അക്രമം നടക്കുന്നത് തടയാൻ രാഷ്ട്രീയ പാർട്ടികൾ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരക്ഷരം പോലും മുഖ്യമന്ത്രി മറുപടി നൽകിയില്ല. ജയരാജനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചതായി രമേശ് ചെന്നിത്തലയും പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തിൽ സഭ നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതിരുന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു