LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ ഇല്ല

പെരിയ ഇരട്ടക്കൊല സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ ഇല്ല

പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ ഇല്ല. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ തിങ്കളാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും. നിഷ്പക്ഷമായ അന്വേഷണമാണ് കേസില്‍ വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള അപ്പീലിൽ സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് വാദം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം. നിഷ്പക്ഷവും സത്യസന്ധവും ആയ വിചാരണക്ക് നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യം എന്ന് കോടതി വ്യക്തമാക്കി. കേസിലെ കുറ്റ പത്രത്തിൽ പോരായ്മകളുണ്ടന്ന് കോടതി ചൂണ്ടി കാണിച്ചു. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോൾ മുറിവ് ഉണ്ടായി എന്ന് കുറ്റപത്രത്തിൽ പറയുന്നു. പൈപ്പു കൊണ്ട് അടിച്ചാൽ മുറിവുണ്ടാകില്ലെന്ന ഡോക്ടറുടെ മൊഴിയുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

വാളും പൈപ്പും ആക്രമണത്തിനായി ഉപയോഗിച്ചു. കുറ്റപത്രത്തിൽ ഇത് എഴുതിയത് ഒരുമിച്ചാണ്. അതുകൊണ്ടാണ് പൈപ്പ് ഉപയോഗിച്ചപ്പോൾ മുറിവ് ഉണ്ടായി എന്ന് വന്നത്. അത് വിവർത്തനത്തിൽ വന്ന തെറ്റാണെന്നും സർക്കാർ അറിയിച്ചു.

കേസ് ഡയറി സിംഗിൾ ബെഞ്ച് പരിശോധിച്ചില്ല എന്ന് സർക്കാർ പറയുന്നതുകൊണ്ട് മാത്രം ഈ കേസിൽ വിശദമായ വാദം കേൾക്കാം എന്ന് കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ച് മിനി ട്രയൽ നടത്തി എന്ന് പറയാൻ പറ്റില്ലെന്ന് കോടതി സൂചിപ്പിച്ചു. സിംഗിൾ ബഞ്ച് നിർദേശ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തെന്നും എന്നാൽ കേസ് ഡയറി സർക്കാർ നൽകിയിട്ടില്ലന്നും സി.ബി.ഐയും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.