LiveTV

Live

Kerala

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കൊടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കന്യാകുമാരി മേഖലക്ക് മുകളിലായി ശക്തിപ്രാപിക്കുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണം. തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് ഇതിന്റെ പ്രഭാവം കൂടുതല്‍ അനുഭവപ്പെടുക‍. ഇവിടെ 11 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കേരള, - ലക്ഷദ്വീപ് തീരത്തിനിടക്ക് കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കി.

കടലില്‍ പോയവര്‍ ഏറ്റവും വേഗം അടുത്ത തീരത്തേക്ക് നീങ്ങണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ കനക്കുന്നതോടെ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും ഇടയുള്ളതിനാല്‍ അപകടമേഖലയില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പാലിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.