LiveTV

Live

Kerala

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി

മീഡിയവണാണ് സി.ഡബ്യു.സി ചെയര്‍മാനായതിന് ശേഷവും രാജേഷ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി

വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാന്‍ എന്‍ രാജേഷിനെ മാറ്റി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി രാജേഷ് ഹാജരായത് വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അതേസമയം മേയ് മാസത്തില്‍ തന്നെ ഇക്കാര്യം പുറത്ത് വന്നിട്ടും സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയായിരുന്നുവെന്നും വിമര്‍ശനമുണ്ട്. മീഡിയവണാണ് സി.ഡബ്യു.സി ചെയര്‍മാനായതിന് ശേഷവും രാജേഷ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

കേസിൽ കോടതി വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എൻ രാജേഷായിരുന്നു. കേസിന്‍റെ വിചാരണക്കിടെ തന്നെ ഇദ്ദേഹത്തെ ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനാക്കി നിയമിച്ചു. നടപടി വിവാദമായതോടെ രാജേഷ് കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറി.എന്നാല്‍ കേസിന്‍റെ വിവരങ്ങള്‍ രാജേഷ് കൃത്യമായി ചോര്‍ത്തി പ്രതിഭാഗത്തിന് നല്‍കിയിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരിന്നു.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ നേരത്തെ തന്നെ മനസിലാക്കി പ്രതിഭാഗത്തെ രാജേഷ് സഹായിച്ചുവെന്നും സംശയം ഉണ്ടായിരിന്നു. എന്നാല്‍ അപ്പോഴെല്ലാം സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രതികളെ വെറുതെ വിട്ടതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വിഷയം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് രാജേഷിനെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ വര്‍ഷം മെയ് മാസം തന്നെ രാജേഷ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജേഷിനെതിരെയുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിനാലാണ് നടപടി വൈകിയതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.