ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍
വെടിവെപ്പിനിടെ മാവോയിസ്റ്റുകള്‍ ചിതറി ഓടിയതിനാല്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് വിശദീകരണം. തമിഴ്നാട് സ്വദേശികളായ ശ്രീമതി, കാര്‍ത്തി, കര്‍ണാടക സ്വദേശി സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ മാവോയിസ്റ്റുകള്‍ ചിതറി ഓടിയതിനാല്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ഉച്ചവരെ തുടര്‍ന്ന ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേര് മരിച്ചത്. തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിവെച്ചെന്ന് പൊലീസ് പറയുന്നു. പ്രത്യാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടെന്ന് ഡി.ജി.പിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശി ചന്ദ്രു, ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്ന ദീപു എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യമായാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വെടിവെപ്പ് നടന്നപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഏതുസമയത്തും പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തഹസില്‍ദാര്‍ ഉള്‍പ്പടെയുളള റവന്യൂ ഉദ്യോഗസ്ഥര്‍ മഞ്ചിക്കണ്ടിയിലേക്ക് തിരിച്ചു. തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാന്റന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്. മഞ്ചിക്കണ്ടി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ ത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചിലിനെത്തിയത്.