LiveTV

Live

Kerala

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ശവപ്പെട്ടിയുമായി യാക്കോബായക്കാരുടെ പ്രതിഷേധം

സുപ്രീംകോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തി. ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ യാക്കോബായ വിഭാഗവും പ്രതിഷേധവുമായെത്തി

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ശവപ്പെട്ടിയുമായി യാക്കോബായക്കാരുടെ പ്രതിഷേധം

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തിയതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്തും യാക്കോബായ വിഭാഗം അകത്തും തമ്പടിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ രാവിലെ മുതൽ തന്നെ പതിനായിരക്കണക്കിന് യാക്കോബായ വിഭാഗക്കാർ പള്ളിയിൽ തമ്പടിച്ചിരുന്നു. ഇവർ പള്ളിയിലേക്കുള്ള പ്രധാന കവാടങ്ങൾ അടച്ച് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. പത്ത് മണിയോടെയാണ് തോമസ് പോൾ റമ്പാനും രണ്ട് മെത്രാപ്പൊലീത്തമാരുമടങ്ങുന്ന ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത് . ഒരു കാരണവശാലും പള്ളി വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.

എന്നാൽ പള്ളിയിൽ പ്രവേശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് പക്ഷം. സംഘർഷ സാധ്യതയാണ് നിലനിൽക്കുന്നതിനാൽ പള്ളിയിലും കോതമംഗലം നഗരത്തിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു.

നേരത്തെ നാല് തവണ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. അതേസമയം തോമസ് പോള്‍ റമ്പാനെ ഒരു കാരണവശാലും പള്ളിയില്‍ പ്രവേശിക്കാനനുവദിക്കിലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.

പള്ളിപ്പരിസരത്തായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കുപ്പികളിലും കന്നാസുകളിലും പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് ഏജന്‍സികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.