കരമന ദുരൂഹ മരണം; കാര്യസ്ഥന് രവീന്ദ്രന് നായരടക്കം 12 പേരെ പ്രതി ചേര്‍ത്തു
ഗൂഢാലോചന,വധഭീഷണി,സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല
കരമന കേസില്‍ പൊലീസിന് നിര്‍ണായക മൊഴി ലഭിച്ചു. ജയമാധവന്‍ നായരുടെ വില്പത്രം വ്യാജമാണെന്ന മൊഴിയാണ് ലഭിച്ചിരിക്കുന്നത്.കേസിന്റെ അന്വേഷണത്തിനായി പത്തംഗ സംഘത്തെ നിയോഗിച്ചു. കാര്യസ്ഥന് രവീന്ദ്രന് നായരെ ഒന്നാം പ്രതി ആക്കിക്കൊണ്ടുള്ള എഫ്.ഐ.ആറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
സ്വത്തുക്കള്‍ മുഴുവന്‍ ജയമാധവന്‍ നായര്‍ കാര്യസ്ഥന് രവീന്ദ്രന് നല്കിയ വില്പത്രത്തില് സാക്ഷിയായി ഒപ്പുവെച്ച അനില്‍കുമാറാണ് മൊഴി നല്‍കിയത്. വില്പത്രം തന്റെ വീട്ടില്‍ എത്തിച്ചാണ് രവീന്ദ്രന് നായര്‍ ഒപ്പുവെപ്പിച്ചതെന്ന് അനില്‍ കുമാര്‍ മൊഴി നല്കി. വീടിന് മുന്നില്‍ ബൈക്കില്‍ വെച്ചാണ് വില്പത്രത്തില് സാക്ഷിയായി ഒപ്പുവെപ്പിച്ചത്. ഇതിന് ശേഷം രവീന്ദ്രന് നായര്‍ തന്നെ സാമ്പത്തികമായി സഹായിച്ചെന്നും അനില്‍ കുമാര്‍ മൊഴി നല്കി, ഇതോടെ ജയമാധവന്‍ നായരെ കബളിപ്പിച്ച് സ്വത്ത് തട്ടിയതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസില്‍ രവീന്ദ്രന് നായരും സഹദേവനും അടക്കം പന്ത്രണ്ട് പേരാണ് പ്രതികള്‍. കേസിന്റെ എഫ്.ഐ.ആര് മീഡിയവണിന് ലഭിച്ചു.
വഞ്ചന,വധഭീഷണി,ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജയമാധവന്‍ നായരുടെ ദുരൂഹമരണം അടക്കമുള്ളവ വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. ജില്ലാ ക്രൈം എസ്.പി എം.എസ് സന്തോഷാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് . കേസിന്റെ ഇതുവരെയുള്ള ലോക്കല്‍ പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഡി.ജി.പി വിലയിരുത്തി. അതേസമയം കേസില്‍ പ്രതിയായ വയനാട് മുന്‍ ജില്ലാ കലക്ടര്‍ മോഹന്‍ദാസും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേസുകള്‍ പണ്ടേ നിയമപരമായി തീര്‍ത്തതാണെന്നാണ് മോഹന്‍ദാസിന്റെ വിശദീകരണം.