LiveTV

Live

Kerala

വാളയാർ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നുവെന്നും ജനയുഗത്തിന്റെ എഡിറ്റോറിയലില്‍ വിമര്‍ശനം

 വാളയാർ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

വാളയാർ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. തുടക്കത്തിൽ തന്നെ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി. മനസാക്ഷിയെ ഞെട്ടിക്കുന്ന പല കേസുകളിലും പൊലീസിന് വീഴ്ച സംഭവിക്കുന്നത് തുടർക്കഥ. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നുവെന്നും ജനയുഗത്തിന്റെ എഡിറ്റോറിയലില്‍ വിമര്‍ശനം.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെതന്നെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിസ്ഥാനത്തുള്ള ഒരാള്‍ക്കെതിരായ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. പരിഷ്കൃത മനസുകളെ അസ്വസ്ഥമാക്കുന്ന കേസിന്റെ പരാജയത്തിന് കാരണം ബോധപൂര്‍വമോ അല്ലാതെയോ തെളിവുകള്‍‍ ശേഖരിക്കുന്നതില്‍ കേരളാ പൊലീസിന് സംഭവിച്ച വീഴ്ചയാണെന്നുവേണം കരുതാന്‍. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച പല കേസുകളിലും പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുള്ളതായ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുകയാണ്. കൂടത്തായി മരണ പരമ്പരയിലും ഏറ്റവും അവസാനം കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങളിലും സമാനമായ വീഴ്ച പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേ­സില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. തെളിവുകളുടെ അ­ഭാവത്തില്‍ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന ചോദ്യം പ്രസക്തമാണ്. അപ്പീലിനുപകരം സംഭവത്തില്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലോ ഏജന്‍സിവഴിയോ പുനരന്വേഷണമായിരിക്കും യുക്തിഭദ്രമായ മറുവഴി. സംഭവത്തില്‍ തെളിവുസമാഹരിക്കാന്‍ നടക്കുന്ന പുനരന്വേഷണത്തോടൊപ്പം മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ചകളും പരിശോധിക്കപ്പെടേണ്ടതാണ്. മനഃപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.