LiveTV

Live

Kerala

മേയറെ മാറ്റുന്ന കാര്യത്തിൽ നിലപാടിലുറച്ച് എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം

ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു

മേയറെ മാറ്റുന്ന കാര്യത്തിൽ നിലപാടിലുറച്ച് എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം

കൊച്ചി മേയറെ മാറ്റുന്ന കാര്യത്തിൽ നിലപാടിലുറച്ച് എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. കൊച്ചി കോർപ്പറേഷനിൽ മാറ്റങ്ങളുണ്ടാവുമെന്ന് യോഗത്തിന് ശേഷം വി.ഡി. സതീശൻ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞത് ചൂണ്ടിയാണ് നേതാക്കൾ മേയർക്കെതിരെ നേരത്തെ തന്നെ ആരംഭിച്ച നീക്കം ശക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ ഹൈബി ഈഡൻ എം.പി കോർപ്പറേഷൻ ഭരണത്തിനെതിരെ രംഗത്ത് വരികയും എ, ഐ ഗ്രൂപ്പുകൾ മേയറെ മാറ്റുന്ന കാര്യത്തിൽ ധാരണയിലെത്തുകയും ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ഒരാളെ മാത്രം ബലിയാടാക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ മേയറെ മാറ്റുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന് വ്യക്തമാക്കിയാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നത്. കൊച്ചി കോർപ്പറേഷനിൽ മാറ്റമുണ്ടാകുമെന്നും ജില്ലാ നേതൃത്വത്തിന്റെ വികാരം കെ.പി.സി.സി പ്രസിഡന്റിനെ ധരിപ്പിക്കുമെന്നും യോഗത്തിന് ശേഷം വി.ഡി. സതീശൻ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

മേയറെ മാറ്റുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്മേൽ സമർദ്ദം ശക്തമാക്കാനാണ് ഗ്രൂപ്പ് ഭേദമന്യേ ഇന്നലെ ചേർന്ന യോഗത്തിൽ നേതാക്കൾ ധാരണയിലെത്തിയിരിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളായ കെ.വി തോമസ്, കെ.ബാബു, പി.ടി തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി സതീശൻ, ടി.ജെ വിനോദ് തുടങ്ങിയവരാണ് ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ പങ്കെടുത്തത്.