LiveTV

Live

Kerala

അനാഥാലയ വിവാദം: വിമർശകർക്കെതിരെ വൈകാരിക പ്രതികരണവുമായി എം.കെ മുനീർ 

പലഭാഗത്തുനിന്ന് പലതരത്തിലുള്ള കൂരമ്പുകൾ എനിക്കു നേരെ എറിഞ്ഞപ്പോൾ ഞാൻ നിശ്ശബ്ദനായി നിൽക്കുകയായിരുന്നു. പക്ഷേ, ഇത് ആസൂത്രിതമാണെന്ന് ബോധ്യമായതു കൊണ്ടുമാത്രമാണ് ഇപ്പോൾ തുറന്നുപറയാൻ തയ്യാറാകുന്നത്.

അനാഥാലയ വിവാദം: വിമർശകർക്കെതിരെ വൈകാരിക പ്രതികരണവുമായി എം.കെ മുനീർ 

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾ വന്ന സംഭവത്തെ മനുഷ്യക്കടത്തായി വ്യാഖ്യാനിച്ച സംഭവത്തിൽ വൈകാരിക പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ മുനീർ. താൻ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയുണ്ടായ സംഭവം കുട്ടിക്കടത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്നെ തകർക്കാൻ സംഘ്പരിവാറും ചില 'മുസ്ലിം നാമധാരി'കളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും മുനീർ വിശദീകരിക്കുന്ന ഓഡിയോ മുസ്ലിം ലീഗിന്റെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. 'അവർക്കു മുന്നിൽ ഞാൻ കീഴടങ്ങിയാൽ അത് എന്റെ ജീവിതത്തിന്റെ പരാജയമാവും; ഞാൻ പ്രതിനിധാനം ചെയ്യുന്ന, ക്ണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സംഘടനയുടെയും പരാജയമായിരിക്കും. ഞാൻ തകർന്നാലും മുസ്ലിം ലീഗ് പ്രസ്ഥാനം തകരാൻ പാടില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ യശസ്സിന് ഞാൻ കാരണം കോട്ടംതട്ടാൻ പാടില്ല. അതുകൊണ്ടാണ് ചില സത്യങ്ങൾ ഞാൻ തുറന്നുപറയുന്നത്.' - മുനീർ പറയുന്നു.

'പലഭാഗത്തുനിന്ന് പലതരത്തിലുള്ള കൂരമ്പുകൾ എനിക്കു നേരെ എറിഞ്ഞപ്പോൾ ഞാൻ നിശ്ശബ്ദനായി നിൽക്കുകയായിരുന്നു. പക്ഷേ, ഇത് ആസൂത്രിതമാണെന്ന് ബോധ്യമായതു കൊണ്ടുമാത്രമാണ് ഇപ്പോൾ തുറന്നുപറയാൻ തയ്യാറാകുന്നത്. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പഠനം നടത്തുന്നതിനായി വന്നെത്തിയ വിദ്യാർത്ഥികളെ കുട്ടിക്കടത്ത് ആയി ചിത്രീകരിക്കാൻ മാധ്യമങ്ങളും ചില പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ആളുകളും നടത്തിയ പരിശ്രമങ്ങൾ എം.കെ മുനീറിന്റെ തലയിൽ കെട്ടിവെക്കാനാണ് പലരും ശ്രമിച്ചത്. ബിഹാറിൽ നിന്നും ഝാർഖണ്ഡിൽ നിന്നുമുള്ള കുട്ടികൾ പഠന ആവശ്യത്തിനു വേണ്ട തന്നെയാണ് വന്നത്. അഞ്ഞൂറോളം കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് രേഖകളില്ല എന്ന പേരിൽ റെയിൽവേ പൊലീസ് പിടികൂടുകയുണ്ടായി. ഇത് കുട്ടിക്കടത്താണെന്ന പേരിൽ അന്നുമുതൽ വാർത്തകൾ പ്രചരിച്ചു. പക്ഷേ, അതിന്റെ ഉത്തരവാദിത്തം മുഴുവൻ എം.കെ മുനീറിന് മാത്രമുള്ളതാണെന്ന രീതിയിലാണ് വിവരമുണ്ടെന്ന് ധരിക്കുന്ന, വിവരക്കേട് മാത്രം പറഞ്ഞു നടക്കുന്ന ചിലർ പ്രഖ്യാപിച്ചത്.'

കേരളത്തിലെ എല്ലാ വിഭാഗങ്ങളും നടത്തുന്ന അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളിലെ കുട്ടികൾ പഠിക്കാൻ വരുന്നതിനെ ഔദ്യോഗികമാക്കിയത് താനാണെന്ന് മുനീർ പറയുന്നു. വരുന്ന സംസ്ഥാനത്തുനിന്ന് അവിടുത്തെ അതോറിറ്റി, കുട്ടികൾ വരുന്നത് പഠിക്കാനാണെന്ന കുറിപ്പ് കൊടുത്താൽ ഏത് അനാഥാലയത്തിലും കുട്ടികൾക്ക് പഠിക്കാമെന്ന നിയമം കൊണ്ടുവന്നത് താൻ മന്ത്രിയായിരിക്കുമ്പോഴാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് താനെടുത്തത്. എന്നിട്ടും ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്ന് വിവിധ ഓര്‍ഫനേജുകളോട് കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ടത് താനാണ്. സി.ബി.ഐ കേസ് അവസാനിപ്പിക്കാൻ കാരണമായത് 2012-13 കാലഘട്ടത്തിൽ താൻ ഇറക്കിയിരുന്ന ജി.ഒ ആണ്. അതുദ്ധരിച്ചുകൊണ്ടാണ് സി.ബി.ഐ കേസ് അവസാനിപ്പിച്ചത്. - മുനീർ പറയുന്നു.

ചില മതസംഘടനകളില്‍പെട്ടവര്‍ ആരുടെയോ പ്രേരണയാല്‍ തന്നെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഈ ലോകത്ത് ചില സംഘടനകള്‍ തരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയല്ല, അനാഥകള്‍ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തത്. അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.

'ഇതിന്റെ പേരിൽ രാഷ്ട്രീയമായി എന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, മനസ്സാക്ഷിക്കു മുന്നിൽ ഞാൻ തലയുയർത്തിപ്പിടിച്ചു നിൽക്കും. എന്റെ സാന്നിധ്യമാണ് എന്റെ സംഘടനക്ക് വിഘാതമായി നിൽക്കുന്നതെങ്കിൽ ഞാൻ സംഘടനയെ സംരക്ഷിക്കാനേ ശ്രമിക്കൂ, എന്നെ സംരക്ഷിക്കാൻ നിൽക്കില്ല. എന്റെ മനസ്സാക്ഷിയിൽ ഞാൻ ഒരു അനാഥക്കുട്ടിക്കും വിഘാതമായി നിന്നിട്ടില്ല.' - മുനീര്‍ പറയുന്നു.