LiveTV

Live

Kerala

പൂതന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ

ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്തതും ദോഷകരമായി ബാധിച്ചു, മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയുടെ ഇടപെടൽ മതേതര വോട്ടുകളെ അകറ്റിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി

പൂതന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ

പൂതന പരാമർശം അരൂർ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്തതും ദോഷകരമായി ബാധിച്ചു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയുടെ ഇടപെടൽ മതേതരവോട്ടുകളെ അകറ്റിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായെങ്കിലും അരൂരിലെ തോൽവി അതിൻറെ തിളക്കം കുറച്ചെന്നാണ് സി.പി.എം സെക്രട്ടറിയേറ്റിന്‍റെ പ്രാഥമിക നിഗമനം.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരൻ പ്രചാരണ വേളയിൽ നടത്തിയ പൂതന പരാമർശം തിരിച്ചടിയായി. ഷാനിമോൾക്കെതിരെ സമരം ചെയ്തതിന് കേസെടുത്തതും തെരഞ്ഞെടുപ്പിൽ ഇടതിന് എതിരായ വികാരം ഉണ്ടാക്കി. ആലപ്പുഴയിലെ പാർട്ടിക്കുളളിലുളള ആഭ്യന്തര തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോയെന്നും സി.പി.എം പരിശോധിക്കുമെന്നാണ് സൂചന. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി വിശ്വാസപരമായ കാര്യങ്ങളിൽ നടത്തിയ ഇടപെടൽ തോൽവിയുടെ ആഘാതം കൂട്ടിയെന്ന ചർച്ചയും സെക്രട്ടറിയേറ്റിലുണ്ടായി.

മതേതര വോട്ടുകൾ ലഭിക്കാതിരിന്നതിന് സ്ഥാനാർത്ഥിയുടെ പ്രവർത്തനം ഒരു കാരണമാണ്. എറണാകുളത്ത് മഴയും വെളളക്കെട്ടും മൂലം പാർട്ടിവോട്ടുകൾ പൂർണ്ണമായും പോൾ ചെയ്തില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. മണ്ഡലം കമ്മറ്റികളുടേയും അതത് ജില്ല ഘടകങ്ങളുടേയും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തോൽവി സംബന്ധിച്ച തുടർ നടപടികളിലേക്ക് പാർട്ടി നേതൃത്വം കടക്കുക. അടുത്തമാസം 8,9,10 തിയ്യതികളിൽ സംസ്ഥാന കമ്മറ്റി ചേരാൻ സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ നിയമസഭ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇത് മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.