Top

എം.സി കമറുദ്ദീന്റെ വിജയം കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്?

അബ്ദുൽ റസാഖ് 89 വോട്ടിന് കടന്നുകൂടിയ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തില്‍ കമറുദ്ദീൻ ജയമുറപ്പിച്ചതോടെ, സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് ശക്തമായ അവകാശവാദമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്നത്.

MediaOne Logo
എം.സി കമറുദ്ദീന്റെ വിജയം കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്?
X

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീന്റെ മികച്ച വിജയത്തോടെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത ശക്തമായി. കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് ചുമതല നേരിട്ട് ഏറ്റെടുത്ത കുഞ്ഞാലിക്കുട്ടി ആദ്യാവസാനം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കൊട്ടിക്കലാശവും കഴിഞ്ഞാണ് മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങൾക്ക് കമറുദ്ദീന്റെ വിജയം കരുത്തുപകരുമെന്ന് വിലയിരുത്തപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചാണ്, ദീർഘകാലം തന്റെ തട്ടകമായിരുന്ന കേരളരാഷ്ട്രീയം വിട്ട് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചെങ്കിലും യു.പി.എ മുന്നണിക്ക് അധികാരത്തിലെത്താൻ കഴിയാതിരുന്നത് അദ്ദേഹത്തിനും പാർട്ടിക്കും തിരിച്ചടിയായി. യു.പി.എ വിജയിച്ചിരുന്നെങ്കിൽ ലീഗിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രിയാകുമെന്നും തെരഞ്ഞെടുപ്പ് വേളയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, നിലമെച്ചപ്പെടുത്താൻ കോൺഗ്രസിന് കഴിയാതിരുന്നതും പ്രതിപക്ഷം ഛിന്നഭിന്നമായതും കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതിനുപുറമെ, ബി.ജെ.പി സർക്കാറിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികൾക്കെതിരെ വേണ്ടവിധം പ്രതികരിക്കാനും പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിംലീഗ് എം.പിമാർക്ക് കഴിയുന്നില്ലെന്ന വിമർശനം അണികളിൽ നിന്നും നേതൃത്വത്തിൽ നിന്നും ഉയരുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു തന്നെ മടങ്ങാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, ലോക്‌സഭാ കാലാവധി അവസാനിക്കാതെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് ലീഗ് നേതൃത്വത്തിലെ ഒരുവിഭാഗം നിലപാടെടുത്തതോടെ ഈ നീക്കം എളുപ്പമാവില്ലെന്ന സ്ഥിതിവന്നു.

Also Read: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, വഹാബിന് എതിർപ്പ്; ലീഗില്‍ പോര് കനക്കുന്നു

പി.ബി അബ്ദുൽ റസാഖിന്റെ മരണത്തോടെ ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല സ്വന്തം നിലയ്ക്ക് താൽപര്യമെടുത്താണ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തത്. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയടക്കമുള്ള പ്രശ്‌നങ്ങൾ വലിയ പൊട്ടിത്തെറിയിലേക്കു നീങ്ങാതെ പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു. സ്ഥാനാർത്ഥി മഞ്ചേശ്വരം മണ്ഡലത്തിനകത്തു തന്നെയുള്ളയാൾ ആയിരിക്കണമെന്ന ആവശ്യം ബ്ലോക്ക് പഞ്ചായത്ത പ്രസിഡണ്ട് എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഉയർത്തിയിരുന്നു. ഇക്കാര്യം സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കാൻ മണ്ഡലത്തിൽ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകർ പാണക്കാട് എത്തുകയും ചെയ്തു. എന്നാൽ, പടന്ന സ്വദേശിയായ കമറുദ്ദീനെയാണ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്.

പരിചയസമ്പന്നനും കലാസാംസ്‌കാരിക മേഖലകളിലൂടെ എല്ലാവിഭാഗങ്ങൾക്കും പരിചിതനുമായ എം.സി കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കാൻ കുഞ്ഞാലിക്കുട്ടി പ്രത്യേക താൽപര്യമെടുത്തു. സ്ഥാനാർത്ഥിക്കെതിരെ മണ്ഡലത്തിലെ ലീഗ് അണികളിൽ ഉയർന്ന പ്രതിഷേധം തണുപ്പിച്ച് കമറുദ്ദീന്റെ വിജയം ഉറപ്പാക്കുക എന്നത് വ്യക്തിപരമായ വെല്ലുവിളിയായാണ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തത്. ഇതിനുവേണ്ടി മണ്ഡലത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്യുകയും പ്രവർത്തനങ്ങൾ ഏകീകരിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ പോലും കുഞ്ഞാലിക്കുട്ടി ഇത്ര സജീവമായി ക്യാമ്പ് ചെയ്ത പ്രവർത്തിച്ചിട്ടില്ലെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്. എതിർപ്പുന്നയിച്ചവരുമായി കുഞ്ഞാലിക്കുട്ടി നേരിട്ടുതന്നെ ചർച്ച നടത്തുകയും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോൾ തന്നെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയും ചെയ്തു.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനും വിവിധ ന്യൂനപക്ഷ സംഘടനകളെ കൂടെനിർത്താനും കഴിഞ്ഞതാണ് ഇത്തവണ ലീഗ് സ്ഥാനാർത്ഥിയുടെ മികച്ച വിജയത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി ലീഗിനൊപ്പം നിൽക്കുന്ന സമസ്തയുടെ വോട്ടുകൾ ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റു സംഘടനകളുടെ പിന്തുണ കൂടി സ്വന്തമാക്കാൻ കഴിഞ്ഞു. മുൻതെരഞ്ഞെടുപ്പുകളിൽ ലീഗ് വിരുദ്ധ നിലപാടെടുത്തിരുന്ന കാന്തപുരം വിഭാഗം ഇത്തവണ കമറുദ്ദീന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനു പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലായിരുന്നു. ഇതിനുവേണ്ടി അദ്ദേഹം ഒന്നിലേറെ തവണ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. പോരാട്ടം ബി.ജെ.പിക്കെതിരെ എന്ന തരത്തിലേക്ക് പ്രചരണം കൊണ്ടുപോയതോടെ ഒരുവിഭാഗം ഇടതുവോട്ടുകളും സ്വന്തമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.

പി.ബി അബ്ദുൽ റസാഖ് 89 വോട്ടിന് കടന്നുകൂടിയ മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷത്തില്‍ എം.സി കമറുദ്ദീൻ ജയിച്ചതോടെ, സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ മടക്കത്തിന് ശക്തമായ അവകാശവാദമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചിരിക്കുന്നത്. ഇതോടെ, യു.ഡി.എഫ് നേതൃനിരയിലെ തന്റെ പഴയ പ്രഭാവം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്കുള്ള തന്റെ പുനഃപ്രവേശത്തിന് വിഘാതമായി നിൽക്കുന്ന പി.വി അബ്ദുൽ വഹാബ് അടക്കമുള്ള ലീഗ് നേതാക്കളുടെ എതിർപ്പ് ദുർബലപ്പെടുത്താനും പാർട്ടി അണികളുടെ പിന്തുണ വർധിപ്പിക്കാനും ഇത് കുഞ്ഞാലിക്കുട്ടിയെ സഹായിച്ചേക്കും. അതേസമയം, ലോക്‌സഭാംഗത്വം രാജിവെക്കാതെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ ഇടപെടൽ ശക്തമാക്കുകയാവും കുഞ്ഞാലിക്കുട്ടി ചെയ്യുക എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

TAGS :

Next Story