LiveTV

Live

Kerala

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

ഒരു കിലോമീറ്റര്‍ ദൂരം മാത്രം പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രിസഭ. നിലവിലുള്ള 10 കിലോമീറ്റര്‍ ദൂരപരിധിയാണ് ഒരു കിലോമീറ്ററായി കുറക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

വന്യജീവി സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികള്‍ക്കുള്ള ദൂരപരിധി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഒരു കിലോമീറ്റര്‍ ദൂരം മാത്രം പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി നിലവിലെ വിജ്‍ഞാപനത്തില്‍ ഭേദഗതിവരുത്തും. നിലവിലുള്ള 10 കിലോമീറ്റര്‍ ദൂരപരിധിയാണ് ഒരു കിലോമീറ്ററായി കുറക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തെ ക്വാറികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.

സംരക്ഷിത വന മേഖലകളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിസ്ഥിതി ലോല മേഖല ഒരു കിലോ മീറ്റര്‍ പരിധി മാത്രമാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇതിനായി കരട് വിഞ്ജാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംരക്ഷിത വന മേഖലകളുടെയും ദേശീയ ഉദ്യാനങ്ങളുടെ പത്ത് കിലോമീറ്റര്‍ ആകാശ പരിധി ദൂരം പരിസ്ഥിതി ലോലമെന്ന കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെ മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ് പാലിക്കണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജിയോളജി ഡയറക്ടര്‍ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. നേരത്തെ പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്ന എണ്‍പത് ശതമാനത്തോളം ക്വാറികള്‍ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുയാണ്. പുതുതായി പരിസ്ഥിതി അനുമതിക്കായി അപേക്ഷിച്ച പത്ത് കിലോമീറ്റര്‍ ദൂരപരിധി പാലിക്കാത്ത ക്വാറികള്‍ക്കൊന്നും സംസ്ഥാന ജിയോളജി വകുപ്പ് അനുമതി നല്‍കുന്നില്ല. മുന്നൂറോളം അപേക്ഷകളാണ് ഇത്തരത്തില്‍ ജിയോളജി വകുപ്പില്‍ കിടക്കുന്നത്. വന്‍കിട ക്വാറി ഉടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മന്ത്രിസഭ തീരുമാനമെന്നാണ് സൂചന.