LiveTV

Live

Kerala

പിണറായിയെ അഭിനന്ദിച്ച് ഹൈക്കോടതി; കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടത്തിയ ഇടപെടലിനാണ് മുഖ്യന് പ്രശംസ

രാത്രി തന്നെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സഹായകമായെന്നും കോടതി ചൂണ്ടിക്കാട്ടി.

പിണറായിയെ അഭിനന്ദിച്ച് ഹൈക്കോടതി; കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടത്തിയ ഇടപെടലിനാണ് മുഖ്യന് പ്രശംസ

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി. രാത്രി തന്നെ പ്രശ്നം പരിഹരിക്കാൻ ഇത് സഹായകമായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാരത്തിനായി പ്രത്യേക ദൗത്യ സംഘം ത്തെ നിയോഗിക്കാനും കോടതി നിർദേശം നൽകി.

കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങിയത് പരാമർശിച്ച് കൊച്ചി നഗരസഭയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. കൊച്ചി കോർപറേഷൻ ഇക്കാര്യത്തിൽ സമ്പൂർണ പരാജയമാണെന്ന് വിലയിരുത്തിയാണ് ദൗത്യ സംഘത്തെ നിയോഗിക്കാൻ സർക്കാറിനോട് നിർദേശിച്ചത്.

പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ദൗത്യ സംഘത്തിന്‍റെ കൺവീനറായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തണം. ചീഫ് സെക്രട്ടറിയോ തദ്ദേശ ഭരണ പ്രിൻസിപ്പിൽ സെക്രട്ടറിയോ സംഘത്തിൽ അംഗമായിരിക്കണമെന്നും കോടതി നിർദേശിച്ചു.

നഗരസഭ പിരിച്ചു വിടണമെന്നു പറയുന്നതാണ് പുതിയ പ്രവണതയെന്നും കഴിഞ്ഞ പ്രളയത്തെ തുടർന്ന് സർക്കാർ പിരിച്ചു വിടണമെന്ന ആവശ്യം ഉയർന്നിരുന്നില്ലെന്നും ഹരജി പരിഗണിക്കവേ നഗരസഭയുടെ അഭിഭാഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ശാസ്ത്രീയ രേഖകളില്ലാത്തതാണ് ഈ ആരോപണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക് ത്രൂവിലൂടെ മൂന്നു നാലു മണിക്കൂർ കൊണ്ട് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനായി. അതിനാൽ, ഇക്കാര്യത്തിൽ നഗരസഭയുടെ ന്യായങ്ങൾ കേൾക്കേണ്ടതില്ലന്നും കോടതി ചൂണ്ടി കാട്ടി. ഇതിനിടെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 25 ന് യോഗം ചേരും.