LiveTV

Live

Kerala

വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി. സിദ്ധീഖിനെതിരെ അന്വേഷണം

അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് തട്ടിയെടുത്തതായാണ് പരാതി

 വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി. സിദ്ധീഖിനെതിരെ അന്വേഷണം

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് അന്തരിച്ച റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായ പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുളളവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. താമരശ്ശേരി ചുങ്കം സ്വദേശി ലിങ്കന്‍ അബ്രഹാം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ 27 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ സഹോദരന്‍ കൈക്കലാക്കിയെന്നാണ് പരാതി.

ട്രസ്റ്റികള്‍ കോടതിയില്‍ നല്‍കിയ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും ഇതിന്റെ പ്രതിഫലമായി ഒരേക്കര്‍ ഭൂമി വാങ്ങിയെടുത്തുവെന്നുമാണ് പരാതിയിലെ ആരോപണം. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദീഖ് പറഞ്ഞു. ലിങ്കണ്‍ എബ്രഹാം സ്വത്തുക്കള്‍ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. എന്നാല്‍ ലിങ്കണ്‍ എബ്രഹാമിന്റെ മരണ ശേഷം സഹോദരന്‍ ഫിലോമെയിന്‍ എബ്രഹാമും സ്വത്തില്‍ അവകാശം ഉന്നയിച്ച് രംഗത്ത് എത്തി.

മരിക്കുന്നതിന് നാല് മാസം മുമ്പ് സ്വത്ത് തന്റെ പേരിലേക്ക് മാറ്റിയെന്നായിരുന്നു ഫിലോമെയിന്റെ അവകാശവാദം. തുടര്‍ന്ന് തര്‍ക്കം കോടതിയില്‍ എത്തി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ട്രസ്റ്റിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയും ഫിലോമെയിന് ഭൂമിയില്‍ അവകാശം ഉറപ്പാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിന് പ്രതിഫലമായി 40.47 ആര്‍ സ്ഥലം ടി സിദ്ദീഖ്, അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫിലോമെയിന്‍ നല്‍കിയെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുള്ളത്. 2015 കാലയളവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയും പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് താമരശേരി ഡി.വൈ.എസ്പി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

രണ്ടാമത്തെ ഒസ്യത്തിന് കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നാണ് ടി സിദ്ദീഖിന്റെ വിശദീകരണം. അതിനിടെ രണ്ടാമത്തെ ഔസ്യത്ത് നിര്‍ബന്ധപൂര്‍വ്വം തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തി ലിങ്കണ്‍ എബ്രഹാമിന്റെ സഹായിയെന്ന് അവകാശപ്പെടുന്ന ദേവസ്യയും രംഗത്ത് എത്തി.