LiveTV

Live

Kerala

വ്യാപാരിയെ ആക്രമിച്ച് പത്തംഗ സംഘം 75 ലക്ഷം തട്ടിയ സംഭവം: 30 ലക്ഷം കണ്ടെത്തി

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും ഇടപാടുകള്‍ പരിശോധിക്കുമെന്നും തിരുവനന്തപുരം റൂറല്‍ എസ്‍.പി

വ്യാപാരിയെ ആക്രമിച്ച് പത്തംഗ സംഘം 75 ലക്ഷം തട്ടിയ സംഭവം: 30 ലക്ഷം കണ്ടെത്തി

തിരുവനന്തപുരം പൂവാറില്‍ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. 30 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. വ്യാപാരികളുടെ ഗുണ്ടകള്‍ സ്റ്റേഷനിനുളളില്‍ കയറി പ്രതികളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.

തിരുവനന്തപുരം പൂവാറില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. പൂവാറില്‍ വ്യൂ പോയിന്‍റ് എന്ന റിസോര്‍ട്ടില്‍ എത്തിയ വ്യാപാരിയെ മതില്‍ കടന്നെത്തിയ പത്തംഗ സംഘം വാളും കഠാരയും കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്ത 75 ലക്ഷം രൂപയുമായി റിസോര്‍ട്ടിന് സമീപത്ത് എത്തിച്ച സ്പീഡ് ബോട്ടില്‍ പ്രതികള്‍ രക്ഷപ്പെട്ടു. വ്യാപാരി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൂവാര്‍ പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തുകയും 10 പേരെയും പിടികൂടുകയും ചെയ്തു. ഇവരില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം വസ്തു വാങ്ങാന്‍ വേണ്ടി താന്‍ പണവുമായി എത്തിയെന്നാണ് വ്യാപാരി പൊലീസിനോട് വിശദീകരിച്ചത്. എന്നാല്‍ വാങ്ങാന്‍ ഉദ്ദേശിച്ച വസ്തു എവിടെയാണെന്നോ വാങ്ങുന്നതിനായി തയ്യാറാക്കിയ രേഖകളോ പ്ലോട്ടിന്‍റെ ചിത്രങ്ങളോ ആറ്റിങ്ങല്‍ സ്വദേശിയായ നജീബ് എന്ന ഇയാളുടെ പക്കലില്ല. സ്വര്‍ണ വ്യാപാരിയായ ഇയാള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങുന്നതിനായി കുഴല്‍പണവുമായി എത്തിയതാണെന്നും ഇതിനിടെ ഒറ്റു നടന്നതിനെ തുടര്‍ന്ന് പണം സംഘം ചേര്‍ന്ന് പിടിച്ചെടുത്തതാണെന്നുമാണ് വിവരം.

സ്വര്‍ണം വാങ്ങാനാണ് താന്‍ എത്തിയതെന്ന് അക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഇയാള്‍ പറഞ്ഞതായി ദൃക്സാക്ഷികളും പറയുന്നു. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും ഇടപാടുകള്‍ പരിശോധിക്കുമെന്നും തിരുവനന്തപുരം റൂറല്‍ എസ്‍.പിയും അറിയിച്ചിട്ടുണ്ട്.