LiveTV

Live

Kerala

മാർക്ക് ദാന അദാലത്തിലെ വിവരങ്ങൾ ചോർന്ന സംഭവം: എം.ജി സർവ്വകലാശാല അന്വേഷണം ഊർജ്ജിതമാക്കി 

അന്വേഷണ ചുമതലയിൽ നിന്നും രജിസ്ട്രാറെ മാറ്റി ജോയിന്റ് രജിസ്ട്രാർക്ക് ചുമതല നല്‍കി.

മാർക്ക് ദാന അദാലത്തിലെ വിവരങ്ങൾ ചോർന്ന സംഭവം: എം.ജി സർവ്വകലാശാല അന്വേഷണം ഊർജ്ജിതമാക്കി 

മാർക്ക് ദാന അദാലത്തിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ഊർജ്ജിതമാക്കി എം.ജി സർവ്വകലാശാല. അന്വേഷണ ചുമതലയിൽ നിന്നും രജിസ്ട്രാറെ മാറ്റി ജോയിന്റ് രജിസ്ട്രാർക്ക് ചുമതല നല്‍കി. എത്രയും വേഗം വിവരങ്ങൾ ചോർന്നത് കണ്ടെത്താനാണ് നിർദ്ദേശം. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

അദാലത്തിലെ വിവരങ്ങൾ എങ്ങനെ ചോർന്നു എന്നത് അന്വേഷിക്കാൻ രജിസ്ട്രാർ ഡോ. കെ സാബുക്കുട്ടനാണ് ആദ്യം അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നത്. രജിസ്ട്രാര്‍ക്ക് അസൗകര്യം അറിയിച്ചതിനെ തുർന്ന് ചുമതല മാറ്റിനൽകുകയായിരുന്നു. ഫെബ്രുവരി 22ന് നടന്ന അദാലത്തിൽ ബി.ടെക് വിദ്യാർത്ഥിക്ക് വേണ്ടി മാർക്ക് ദാനം നടത്തിയ സംഭവമാണ് വിവാദമായത്. സിൻഡിക്കേറ്റിനെ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീനും ഇടപെടൽ നടത്തിയെന്നാണ് തെളിഞ്ഞത്. ചിത്രങ്ങൾ അടക്കം മീഡിയവൺ പുറത്ത് വിട്ടിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഏറ്റെടുക്കുകയും ചെയ്തു.

അദാലത്തിന് തലേ ദിവസം മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റ് തീരുമാനം എടുത്തുവെന്നും മന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വി.സി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അദാലത്തിന്റെ രേഖകൾ ചോർന്നതിൽ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചത്.

ഇതിനിടെ സർവകലാശാലയിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഫ്രട്ടേണിറ്റി മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ എംജി സർവകലാശാല ആസ്ഥാനം ഇന്ന് ഉപരോധിച്ചു.