LiveTV

Live

Kerala

പശു കച്ചവടത്തിന്റെ മറവിൽ കള്ളനോട്ട്; എടവണ്ണയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എടവണ്ണ തൂവക്കാട് കുളത്തിങ്ങൽ ശരീഫ്, കുളത്തിങ്ങൽ ശറഫുദ്ദീൻ എന്നിവരെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്

പശു കച്ചവടത്തിന്റെ മറവിൽ കള്ളനോട്ട്; എടവണ്ണയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പശു കച്ചവടത്തിന്റെ മറവിൽ കള്ളനോട്ട് നൽകി വഞ്ചിച്ച രണ്ടുപേരെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ തൂവക്കാട് കുളത്തിങ്ങൽ ഷരീഫ്, കുളത്തിങ്ങൽ ഷറഫുദ്ദീൻ എന്നിവരെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്.

ക്ഷീരകർഷകനായ തൃക്കലങ്ങോട് ആമയൂർ സ്വദേശി വെള്ളാരംകല്ലിങ്ങൽ കടവൻ സെയ്തലവിയില്‍ നിന്ന് പ്രതികൾ 27500 രൂപ നൽകി പശുവിനെ വാങ്ങിയിരുന്നു. ഇതിൽ 500 രൂപ അഡ്വാൻസ് തുക നൽകി. കഴിഞ്ഞ ദിവസം ഇവർ നൽകിയ ബാക്കി തുകയിൽ നിന്ന് 2000 രൂപയുമായി സെയ്തലവി കാലിത്തീറ്റ വാങ്ങാൻ ചെന്നപ്പോഴാണ് ഇത് കള്ളനോട്ടാണെന്ന് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രതികൾ നൽകിയ മറ്റു രണ്ടായിരത്തിന്റെ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് 2000 രൂപയുടെ 13 നോട്ടുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ എടവണ്ണ പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ശ്രമം നടന്നെങ്കിലും, നാട്ടുകാർ പ്രതിഷേധിച്ചു.

പിന്നീട് എടവണ്ണ പൊലീസെത്തി പ്രതികളെ പിടികൂടി. ഇവർ നൽകിയ 2000 രൂപയുടെ 13 വ്യാജ നോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ മറ്റ് കണ്ണികൾക്കായുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റു ചിലരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ജില്ലയ്ക്കകത്തും പുറത്തുമുള്ള മറ്റു കള്ളനോട്ട് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.