LiveTV

Live

Kerala

പൊലീസിനെ തള്ളി കോടതി; എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം

പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാൻഡ് ചെയ്യണം എന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി തളളി.

പൊലീസിനെ തള്ളി കോടതി; എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം

ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ പ്രതികളായ എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന് കോടതിയില്‍ പൊലീസ്. പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവരുൾപ്പെടെ അറസ്റ്റിലായ 10 പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ആൾജാമ്യം, നാശനഷ്ടം വരുത്തിയ 40,500 രൂപ കെട്ടിവെക്കണം, സമാന കേസുകളിൽ ഇനി പ്രതിയാകരുത് എന്നിവയാണ് ഉപാധികൾ.

ഡി.ഐ.ജി ഓഫീസിന് മുന്നിൽ അന്യായമായി സംഘം ചേർന്ന സി.പി.ഐ പ്രവർത്തകർ കല്ല്, വടി, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ചു, സർക്കാർ വാഹനത്തിന്റെ ചില്ല് തകർത്തു എന്നിവയായിരുന്നു നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാൻഡ് ചെയ്യണം എന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി തളളി.

പൊലീസിലെ ക്രിമിനൽവത്ക്കരണത്തിനെതിരെ സമരം തുടരും. ഞാറക്കൽ സി.ഐക്ക് എതിരായ തുടർസമര പരിപാടികൾ പാർട്ടിയിൽ ആലോചിച്ച് തീരുമാനിക്കുമെന്നും പി.രാജു പറഞ്ഞു.