LiveTV

Live

Kerala

എസ് ആര്‍ മെഡിക്കല്‍ കോളജിന് ജപ്തി നോട്ടീസ്; നടപടി 122 കോടി വായ്പാ കുടിശ്ശിക വരുത്തിയതിന് 

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിന് സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ജപ്തി നോട്ടീസ്.

 എസ് ആര്‍ മെഡിക്കല്‍ കോളജിന് ജപ്തി നോട്ടീസ്; നടപടി 122 കോടി വായ്പാ കുടിശ്ശിക വരുത്തിയതിന് 

വാടകയ്ക്ക് രോഗികളെ ഇറക്കിയതിലൂടെ വിവാദത്തിലായ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിന് സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ജപ്തി നോട്ടീസ്. ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ കുടിശ്ശിക 122 കോടി രൂപയായ സാഹചര്യത്തിലാണ് ബാങ്കിന്‍റെ നടപടി. കോളജ് കെട്ടിടത്തിലും കേശവദാസപുരത്തെ സ്ഥലത്തും നോട്ടീസ് പതിച്ചു. ജപ്തി നോട്ടീസിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഇന്ന് ഉച്ചയോടെയാണ് ബാങ്ക് അധികൃതര്‍ കോളജിലെത്തി ജപ്തി നോട്ടീസൊട്ടിച്ചത്. എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ അധീനതയിലുള്ള കേശവദാസപുരത്തെ സ്ഥലത്തും ജപ്തി നോട്ടീസ് പതിച്ചിട്ടുണ്ട്. 122 കോടി 45 ലക്ഷം രൂപയുടെ വായ്പാ കുടിശ്ശിക ആയിട്ടുണ്ടെന്നും 60 ദിവസത്തിനകം തിരിച്ചടക്കണമെന്നും കാണിച്ച് ജൂലൈ 26ന് ബാങ്ക് മെഡിക്കല്‍ കോളജിന് നോട്ടീസ് അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത സാഹചര്യത്തിലാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്. കോളജ് ഉടമയുടെ വീടിന്‍റെ കൈവശാവകാശവും പ്രതീകാത്മകമായി ഏറ്റെടുക്കുന്നവെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

ഡോക്ടര്‍മാരും മറ്റ് സൌകര്യങ്ങളും ഇല്ലാത്ത, പഠന സൌകര്യമില്ലാത്ത കോളജില്‍ നിന്ന് തങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കോളജ് കെട്ടിടങ്ങള്‍ ബാങ്ക് ഏറ്റെടുക്കുന്ന സാഹചര്യം വന്നതോടെ കോളജ് മാറ്റണമെന്ന തങ്ങളുടെ ആവശ്യത്തില്‍ എത്രയും വേഗം നടപടി വേണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്നോട്ട് വെക്കുന്നത്.

പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ബാങ്കിന്‍റെ ജപ്തി നടപടി ഹൈകോടതിയിലിരിക്കുന്ന കേസിനെയും സാരമായി ബാധിക്കുമെന്നാണ് സൂചന. കോളജില്‍ പഠന സൌകര്യമില്ലെന്ന് വിജിലന്‍സും അടിസ്ഥാന സൌകര്യമുണ്ടെന്ന് ആരോഗ്യ സര്‍വകലാശാലയും റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.