LiveTV

Live

Kerala

ഉമ്മയെ കണ്ട് സക്കരിയ ജയിലിലേക്ക് മടങ്ങി

ശരീരം തളർന്ന് കഴിയുന്ന മാതാവിനെ കാണാനാണ് കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചത്.

ഉമ്മയെ കണ്ട് സക്കരിയ ജയിലിലേക്ക് മടങ്ങി

ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട്‌ കര്‍ണാടകയില്‍ തടവിലുള്ള സക്കരിയ മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലെത്തി. ശരീരം തളർന്ന് കഴിയുന്ന മാതാവിനെ കാണാനാണ് കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചത്. മണിക്കൂറുകൾ മാത്രം നീണ്ട വികാരനിർഭരമായ ഒത്തുചേരലിന് ശേഷം രാത്രിയോടെ സക്കരിയ ജയിലിലേക്ക് മടങ്ങി.

യു.എ.പി.എ. ചുമത്തപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സക്കരിയ ഇത് മൂന്നാം തവണയാണ് ജയിലിൽ നിന്ന് വീട്ടിലെത്തുന്നത്. മുമ്പൊരിക്കൽ സഹോദരൻ മുഹമ്മദ് ശരീഫിന്റെ വിവാഹത്തിൽ പങ്കെടുക്കാനും പിന്നീട് ഇതേ സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും. ശരീരം തളർന്നു കഴിയുന്ന ഉമ്മയെ കാണാൻ ഇന്നലെ സക്കരിയ വീണ്ടുമെത്തി. രാവിലെ എട്ട് മണിയോടെയാണ് സക്കരിയ പരപ്പനങ്ങാടി പുത്തൻപീടികയിലെ വീട്ടിലെത്തിയത്. ഏഴംഗ കർണാടക പൊലീസും പരപ്പനങ്ങാടി പൊലീസും സക്കരിയക്കൊപ്പമുണ്ടായിരുന്നു.

അസുഖബാധിതയായി കഴിയുന്ന ഉമ്മയെ കാണാൻ ഒരു ദിവസത്തെ ജാമ്യം വിചാരണക്കോടതി അനുവദിച്ചത് പ്രകാരമാണ് സക്കരിയക്ക് വീട്ടിലെത്തി ഉമ്മയെ കാണാൻ അവസരമുണ്ടായത്. നാട്ടിലെത്തി ഉമ്മയെ കണ്ട് മടങ്ങുന്നതുൾപ്പെടെയുള്ള ചെലവുകൾ കുടുംബം വഹിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. മണിക്കൂറുകൾ മാത്രം നീണ്ട കണ്ടുമുട്ടൽ. വികാരഭരിതമായ കൂടിച്ചേരലിന് ശേഷം രാത്രിയോടെ സക്കരിയ കർണാടകയിലെ ജയിലിലേക്ക് മടങ്ങി.

സക്കരിയ നിരപരാധിയാണെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും ഉറച്ച ബോധ്യമുണ്ട്. ഇത് പ്രകാരം "ഫ്രീ സക്കരിയ" എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും വിചാരണ അനന്തമായി നീളുകയാണ്.