LiveTV

Live

Kerala

എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി നഗരത്തില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം താറുമാറായി. കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കണയന്നൂര്‍ താലൂക്കിലെ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൌത്ത്, ചേരാനെല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ അതിരൂക്ഷമായി ബാധിച്ചത്. ഇടപ്പള്ളി, കലൂര്‍ ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാഡിന് സമീപത്തും എറണാകുളം ജംഗ്ഷന്‍ പരിസരത്തും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

മറൈന്‍ഡ്രൈവിലെ പൊലീസ് ക്യാമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ദുരിതത്തിലായി. കളമശ്ശേരി എച്ച്.എം.ടി മൂലേപ്പാടത്ത് നൂറിലധികം വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ പ്രളയക്കാലത്ത് വെള്ളം കയറാതിരുന്ന പ്രദേശങ്ങളിലാണ് ഇന്ന് വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടത്. പേരണ്ടൂര്‍ കനാല്‍ നിറഞ്ഞൊഴുകിയതും അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവുമാണ് നഗരത്തെ പ്രതിസന്ധിയിലാക്കിയത്.