LiveTV

Live

Kerala

ഐ.എന്‍.എല്ലില്‍ തമ്മിലടിക്ക് ശമനമില്ല; മുന്നണി പ്രവേശനം നല്‍കിയത് വെറുതെയായെന്ന് സി.പി.എം വിലയിരുത്തല്‍

സംസ്ഥാനത്ത് ഭരണം നടത്തുന്ന മുന്നണിയില്‍ പ്രവേശനം ലഭിക്കുകയും സര്‍ക്കാര്‍ കാര്യമായ പരിഗണന നല്‍കുകയും ചെയ്തിട്ടും അവസരം ഉപയോഗിക്കാന്‍ ഐ.എന്‍.എല്ലിന് കഴിയുന്നില്ല.

ഐ.എന്‍.എല്ലില്‍ തമ്മിലടിക്ക് ശമനമില്ല;
മുന്നണി പ്രവേശനം നല്‍കിയത് വെറുതെയായെന്ന് സി.പി.എം വിലയിരുത്തല്‍

കടുത്ത വിഭാഗീതയും തമ്മിലടിയും മൂലം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്ന ഐ.എന്‍.എല്ലില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് സി.പി.എം. ഇടതു ‌മുന്നണിയില്‍ പ്രവേശനം നല്‍കുക വഴി മുസ്ലിംവിഭാഗത്തില്‍ സ്വാധീനമുണ്ടാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി എന്നാണ് സി.പി.എം വിലയിരുത്തുന്നത്.

സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മില്‍ കടുത്ത ഭിന്നതയാണ് നിലവിലുള്ളത്. കണ്ണൂരില്‍ നടന്ന സംസ്ഥാന കൌണ്‍സിലോടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന തോന്നലുണ്ടായെങ്കിലും ഗ്രൂപ്പിസം അതിശക്തമായി തുടരുകയാണ്. ഇതോടെ, മുഴുവന്‍ ജില്ലകളിലും ഗ്രൂപ്പിസവും തമ്മിലടിയും കനത്തു.

പാര്‍ട്ടിയില്‍ ലയിച്ച പി.ടി.എ റഹീം എം.എല്‍.എയുടെ എന്‍.എസ്.സിക്ക് വാഗ്ദാനം ചെയ്ത ഭാരവാഹിത്വങ്ങളൊന്നും ഐ.എന്‍.എല്‍ നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ എന്‍.എസ്.സിയിലേക്കുന്ന തന്നെ മടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് റഹീമിനൊപ്പമുള്ളവര്‍.

സംസ്ഥാനത്ത് ഭരണം നടത്തുന്ന മുന്നണിയില്‍ പ്രവേശനം ലഭിക്കുകയും സര്‍ക്കാര്‍ കാര്യമായ പരിഗണന നല്‍കുകയും ചെയ്തിട്ടും അവസരം ഉപയോഗിക്കാന്‍ ഐ.എന്‍.എല്ലിന് കഴിയുന്നില്ല. എ.പി അബ്ദുല്‍വഹാബിനോടാണ് സി.പി.എമ്മിന് കൂടുതല്‍ താല്‍പര്യം. മുന്നണിയുടെ പരിപാടികളില്‍ സി.പി.എം മുഖ്യ പരിഗണന നല്‍കുന്നതും വഹാബിനാണ്.

കാസിം-വഹാബ് പോര് പരിഹരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഐ.എന്‍.എല്ലിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടില്‍ സി.പി.എം കാത്തിരുന്നു. ഒടുവില്‍ തമ്മിലടി അവസാനിക്കുന്ന ലക്ഷണമില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞതോടെ ന്യൂനപക്ഷ വിഭാഗത്തില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളുമായി ഇറങ്ങാനുള്ള തീരുമാനത്തിലാണ് സി.പി.എം.

അതേസമയം, ഐ.എന്‍.എല്ലില്‍ പ്രതീക്ഷ നഷ്ടപ്പെട്ട നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സി.പി.എം തുടങ്ങിയിട്ടുണ്ട്. ചില നേതാക്കളുമായി ഇതിനകം തന്നെ സി.പി.എം ആശയവിനിമയം നടത്തിക്കഴിഞ്ഞെന്നാണ് വിവരം. മുന്നണി പ്രവേശനം ലഭിച്ചയുടന്‍ ലീഗില്‍ നിന്നുള്‍പ്പെടെ നിരവധി പ്രദേശിക നേതാക്കള്‍ ഐ.എന്‍.എല്ലില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ തമ്മിലടിയില്‍ നേതാക്കള്‍ മുഴുകിയതോടെ താല്‍പര്യം പ്രകടിപ്പിച്ചവരെല്ലാം പിന്‍വാങ്ങിയിരിക്കുകയാണ്.