LiveTV

Live

Kerala

പ്രായം തളര്‍ത്താത്ത പോരാളിക്ക് ഇന്ന് തൊണ്ണൂറ്റിയാറാം പിറന്നാള്‍

തന്‍റെ പ്രായത്തെ ആക്ഷേപിച്ച കെ.സുധാകരന് ചുട്ടമറുപടി നല്‍കിയാണ് വി.എസ് പിറന്നാള്‍ തലേന്നും സജീവമായത്

പ്രായം തളര്‍ത്താത്ത പോരാളിക്ക് ഇന്ന് തൊണ്ണൂറ്റിയാറാം പിറന്നാള്‍

മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി ആറാം പിറന്നാള്‍. തന്‍റെ പ്രായത്തെ ആക്ഷേപിച്ച കെ.സുധാകരന് ചുട്ടമറുപടി നല്‍കിയാണ് വി.എസ് പിറന്നാള്‍ തലേന്നും സജീവമായത്.

കേരളത്തില്‍ മറ്റൊരു നേതാവിനും കിട്ടാത്തത്ര ജനപിന്തുണയാണ് വി.എസിനുള്ളത്. തന്നെ ആക്ഷേപിച്ച കെ സുധാകരനും തെരഞ്ഞെടുപ്പില്‍ ശരിദൂരം പ്രഖ്യാപിച്ച എന്‍എസ്എസിനും പിറന്നാള്‍ തലേന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ച വി.എസ് തൊണ്ണൂറ്റിയാറാം പിറന്നാളിലും വീര്യം കുറയാതെ മുന്നോട്ട് പോവുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനായി പ്രചാരണത്തിലും വി.എസ് സജീവമായിരുന്നു.

1923 ഒക്ടോബര്‍ 20ന് വെന്തലത്തറ ശങ്കരന്‍റെയും അക്കാമ്മയുടെയും മകനായാണ് അദ്ദേഹത്തിന്‍റെ ജനനം. ദാരിദ്ര്യം മൂലം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച വി.എസ് തയ്യല്‍ക്കടയിലും ഫാക്ടറിയിലുമെല്ലാം തൊഴിലാളിയായി. 1940 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. വിഎസിന്‍റെ പോരാട്ട ചരിത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി ചരിത്രമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ നിന്ന് പുറത്ത് വന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്നത് വി.എസ് മാത്രമാണ്.

23 വര്‍ഷം പൊളിറ്റ് ബ്യൂറോ അംഗം. ഇന്ന് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ്. പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ്, അഞ്ച് വര്‍ഷം മുഖ്യമന്ത്രി. നിലവില്‍ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനമനസില്‍ ഇടം നേടിയത്. എല്ലാ പിറന്നാളിലേതും പൊലെ ജനകീയ കമ്മ്യൂണിസ്റ്റിന്‍റെ ഈ പിറന്നാളിനും ആഘോഷം ലളിതമായിരിക്കും.