LiveTV

Live

Kerala

സിലി വധക്കേസ്: ജോളിയെ വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള നടപടി തുടങ്ങി

നാളെ പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

സിലി വധക്കേസ്: ജോളിയെ വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള നടപടി തുടങ്ങി

ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങി. നാളെ പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ചൊവ്വാഴ്ചയായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക. സിലിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ പോലീസ് സി.ഐ ബി.കെ സിജു സിലിയുടെ മകന്റെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സിലി കൊലക്കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജോളിയെ നാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തൊട്ടുപിന്നാലെ തന്നെ പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനുവേണ്ടിയുള്ള അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന് പോലീസ് കൈമാറിയിട്ടുണ്ട്. പ്രൊഡക്ഷന്‍ വാറണ്ട് പരിഗണിച്ച് ജോളിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ തന്നെ കസ്റ്റഡി അപേക്ഷയും അന്വേഷണ സംഘം നല്‍കും.12 ദിവസമായിരിക്കും കസ്റ്റഡിയില്‍ ആവശ്യപ്പെടുകയെന്നാണ് സൂചന. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം സിലി കേസില്‍ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

റോയിയുടെ സഹോദരങ്ങളുടെയും മക്കളുടെയും ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും കല്ലറയില്‍ നിന്നെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ വിദേശത്തേക്കടക്കം ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുക. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി മജിസ്ട്രേറ്റ് ആല്‍ഫ മമ്മൈയാണ് കേസ് പരിഗണിക്കുന്നത്.