LiveTV

Live

Kerala

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; കലാശക്കൊട്ട് ഗംഭീരമാക്കാനൊരുങ്ങി മുന്നണികള്‍

ഭരണ -പ്രതിപക്ഷ നേതൃത്വങ്ങളെ ഒരു പോലെ പ്രതികൂട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; കലാശക്കൊട്ട് ഗംഭീരമാക്കാനൊരുങ്ങി മുന്നണികള്‍

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. ഭരണ -പ്രതിപക്ഷ നേതൃത്വങ്ങളെ ഒരു പോലെ പ്രതികൂട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്.

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.എസ്.എസിന്റെ നിലപാട് സംബന്ധിച്ച വിവാദം അവസാനഘട്ടത്തിലെ പ്രധാന അടിയൊഴുക്കാകും. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മെഗാറോഡ് ഷോ. കലാശക്കൊട്ട് ആവേശകരമാക്കാന്‍ എല്‍.ഡി.എഫും ഒരുങ്ങിക്കഴിഞ്ഞു.

പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മുന്നണി പ്രവര്‍ത്തകര്‍ നാടിളക്കി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് അവസാന ലാപ്പില്‍ അരൂരില്‍ കാണാന്‍ കഴിയുന്നത്.അട്ടിമറി മുന്നേറ്റമാണ് എന്‍‍‍.ഡി.എയുടെ പ്രതീക്ഷ.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് രാഷ്ട്രീയ അടിയൊഴുക്കുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് മൂന്ന് മുന്നണികളും.മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ നിര്‍ണായക ശക്തിയായ മണ്ഡലത്തില്‍ ഇവരുടെ വോട്ട് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് മുന്നണികളെ കുഴക്കുന്ന പ്രധാന ചോദ്യം.