LiveTV

Live

Kerala

മഞ്ചേശ്വരത്ത് ബി.ജെ.പിയോട് വിവേചനം കാണിക്കുന്നെന്ന പരാതിയുമായി നേതാക്കള്‍

മഞ്ചേശ്വരത്ത് പരാജയം സമ്മതിച്ചതിനാലാണ് ബി.ജെ.പിയുടെ ഇത്തരം ആരോപണങ്ങളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

മഞ്ചേശ്വരത്ത് ബി.ജെ.പിയോട് വിവേചനം കാണിക്കുന്നെന്ന പരാതിയുമായി നേതാക്കള്‍

കാസര്‍കോട് ജില്ലാ കലകടര്‍ക്കും, പൊലീസ് മേധാവിക്കുമെതിരെ ബി.ജെ.പി രംഗത്ത്. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ ഇരുവരും പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. ബി.ജെ.പി ആരോപണം പരാജയം സമ്മതിച്ചതുകൊണ്ടാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു.

ഇത് വരെയുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കുമെതിരെ ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിക്കുന്നതില്‍ ജില്ലാ പൊലീസ് മേധാവി ബി.ജെ.പിയെ അവഗണിച്ചെന്നും മ‍ഞ്ചേശ്വരത്തെ പ്രശ്നസാധ്യത ബൂത്തുകളെക്കുറിച്ച് ബി.ജെ.പി നേതൃത്വം നല്‍കിയ പട്ടിക അവഗണിച്ച് എല്‍.ഡി.എഫും യു.ഡി.എഫും നല്‍കിയ പട്ടിക ജില്ലാ കലക്ടര്‍ അതേപടി അംഗീകരിച്ചുവെന്നും ബി.ജെ.പി ആരോപിക്കുന്നു.

മഞ്ചേശ്വരത്ത് പരാജയം സമ്മതിച്ചതിനാലാണ് ബി.ജെ.പിയുടെ ഇത്തരം ആരോപണങ്ങളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മഞ്ചേശ്വരത്ത് ഇത്തവണ 2006 ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക്കൂട്ടല്‍. ഇത് വരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മണ്ഡലത്തില്‍ ഉറച്ച വിജയപ്രതീക്ഷയാണ് എല്‍.ഡി.എഫ് നേതാക്കള്‍ പങ്കുവെക്കുന്നത്.

നാളെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ മണ്ഡലത്തില്‍ അവസാന വട്ട വോട്ടുറപ്പിക്കലിനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും.