LiveTV

Live

Kerala

മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പൂര്‍ണമായി പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

 മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

വിവാദമായ മാര്‍ക്ക് ദാന തീരുമാനമെടുത്ത എം. ജി യൂനിവേഴ്സിറ്റി അദാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലിന്‍റെ വാദം പൊളിയുന്നു. പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ അദാലത്തില്‍ പൂര്‍ണ സമയം പങ്കെടുത്തെന്ന തെളിയിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. എന്നാല്‍ ഉദ്ഘാടന പരിപാടിക്ക് ശേഷവും പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ അദാലത്തില്‍ പങ്കെടുത്തുവെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍. അദാലത്ത് നടക്കുന്നതും രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി എത്തുന്നതും പരാതി പരിഹരിക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫക്കറ്റും മറ്റു നല്‍കുന്നതും കാണാം.

ഇതിലെല്ലാം ഉന്നതിവിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പം മുഴുനീള സാന്നിധ്യമായി മന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും ഉണ്ട്. ഈ അദാലത്തില്‍ വെച്ചാണ് കായംകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനമെടുത്തത്. എം.ജി യൂനിവേഴ്സിറ്റി മാര്‍ക്ക് ദാനത്തില്‍ മന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പ്രൈവറ്റ് സെക്രട്ടറിയുടെ അദാലത്തിലെ മുഴുസമയ പങ്കാളിത്തിന്‍റെ ദൃശ്യങ്ങള്‍.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സർവകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങൾ തന്നെ മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്.