LiveTV

Live

Kerala

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍  

തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍  

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ഗുരുവായൂർ തൊഴിയൂർ സ്വദേശി സുനിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് യൂസഫലിയെ കസ്റ്റഡിയിലെടുത്തത്.

കേസിൽ ചാവക്കാട് സ്വദേശി മുഹ്‌യുദ്ദീൻ നേരത്തെ പിടിയിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ യൂസഫലിയെയും, ഉസ്മാനെയും പിടികൂടിയത്. നിരോധിത സംഘടനയായ ജം ഇയ്യത്തുൽ ഇഹ് സാനിയയുടെ പ്രവർത്തകരാണ് ഇരുവരും. ഇരുവരെയും ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തിച്ചു അന്വേഷണ സംഘം ചോദ്യം ചെയ്യും. നാല് പേർക്ക് കൂടി കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

1994ലാണ് സുനിലിനെ വീട്ടിൽ കയറി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകരുൾപ്പെടെ ഒൻപത് പേരെ പ്രതി ചേർത്ത് അന്ന് പൊലീസ് കേസ് എടുത്തു. നാല് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റു ചില കേസുകളുടെ അന്വേഷണത്തിനിടെ ജം ഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനക്ക് സുനിൽ കൊലപാതകത്തിലെ പങ്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ നാല് പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. 2017ലാണ് തൊഴിയൂർ കേസിൽ സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചത്.