LiveTV

Live

Kerala

ബി.ടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് ദാനം: എം.ജി വി.സിയുടെ വാദം പൊളിയുന്നു

അദാലത്തില്‍ നല്‍കിയ അപേക്ഷയില്‍ തന്നെ മാര്‍ക്ക്ദാനത്തിന് ഉത്തരവിട്ടെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു

ബി.ടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് ദാനം: എം.ജി  വി.സിയുടെ വാദം പൊളിയുന്നു

ബി.ടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അദാലത്തില്‍ തീരുമാനമെടുത്തില്ലെന്ന എം.ജി യൂണിവേഴ്സിറ്റി വി.സിയുടെ വാദം പൊളിയുന്നു. അദാലത്തില്‍ നല്‍കിയ അപേക്ഷയില്‍ തന്നെ മാര്‍ക്ക്ദാനത്തിന് ഉത്തരവിട്ടെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. മാര്‍ക്ക് ദാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

ബി ടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അദാലത്തില്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകളെ തള്ളുകയാണ് എം.ജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സര്‍ ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ അദാലത്തിന്‍റെ മിനിറ്റ് പുറത്തുവരുമ്പോള്‍ വി.സിയുടെ വാദം പൊളിയുകയാണ്. വിദ്യാര്‍ഥിക്ക് ഒരു മാര്‍ക്ക് നല്‍കാമെന്ന സിന്‍ഡിക്കേറ്റ് അംഗം ടോമിച്ചന്‍ ജോസഫ് വെച്ച നിര്‍ദേശത്തെ വൈസ് ചാന്‍സലര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് ദാന തീരുമാനമെടുത്തതെന്ന വി.സിയുടെ വാദം തെറ്റാണെന്ന വ്യക്തമായി. മാര്‍ക്ക് ദാന വിവാദവും അതിലെ മന്ത്രിയുടെയും മന്ത്രി ഓഫീസിന്‍റെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു.

എന്നാല്‍ പ്രതിപക്ഷ നീക്കത്തില്‍ ലേശം പോലും ഭയമില്ലെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ പ്രതികരണം. പി.എസ്.സി ക്രമക്കേടുകള്‍ക്കൊപ്പം മാര്‍ക്ക് ദാന വിവാദവും രാഷ്ട്രീയ വിഷയമായി ഉയര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.