LiveTV

Live

Kerala

കരിപ്പൂര്‍ വഴി കടത്തിയ സ്വർണം കൊള്ളയടിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

അനധികൃതമായി കടത്തിയ രണ്ടര കിലോ സ്വർണമാണ് കാറിടിച്ച് ആക്രമിച്ച് സംഘം കൈക്കലാക്കിയത്.

 കരിപ്പൂര്‍ വഴി കടത്തിയ സ്വർണം കൊള്ളയടിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വർണം കൊള്ളയടിച്ച ക്വട്ടേഷൻ സംഘം പിടിയിൽ. അനധികൃതമായി കടത്തിയ രണ്ടര കിലോ സ്വർണമാണ് കാറിടിച്ച് ആക്രമിച്ച് സംഘം കൈക്കലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കള്ളക്കടത്തുകാരെ കൊള്ളയടിച്ച സംഘമാണ് ഒടുവിൽ പൊലീസിൻറെ പിടിയിലായത്. കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു സംഭവം. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ രണ്ടരകിലോ സ്വർണവുമായി കാറിൽ സഞ്ചരിക്കുമ്പോഴാണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. കാറിനെ പിന്തുടർന്ന് ഇടിച്ചുനിർത്തി മർദിച്ച സംഘം സ്വർണം കൈക്കലാക്കി. ഗത്യന്തരമില്ലാതെ സ്വർണം നഷ്ടപ്പെട്ടവർ പൊലീസിന് പരാതി നൽകുകയായിരുന്നു. കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൻറെ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

കോഴിക്കോട് കല്ലായി മുസ്തഫ, എരഞ്ഞിക്കൽ റംഷിഹാദ്, ഷൌക്കത്തലി, ഫാസിർ, തടത്തുമ്മൽ ഇർഷാദ്, തിരുവമ്പാടി കോട്ടയിൽ മുഹമ്മദ് ബഷീർ എന്നിവരെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലുൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.