LiveTV

Live

Kerala

കൂടത്തായി: മരണ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് എസ്.പി ദിവ്യ ഗോപിനാഥ്

ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം സൂക്ഷ്മമായ പരിശോധനകളിലൂടെയാണ് തെളിവുകൾ തേടുന്നത്.

കൂടത്തായി: മരണ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന്  എസ്.പി ദിവ്യ ഗോപിനാഥ്

പൊന്നാമറ്റം കുടുംബത്തില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് തെളിവ് ശേഖരിക്കാനായി അന്വേഷണസംഘം കൂടത്തായിയിലെത്തി കുടുംബ വീട് പരിശോധിച്ചു. മൂന്ന് പേർ കൊല ചെയ്യപ്പെട്ട പൊന്നാമറ്റം വീട്ടിനകത്തും പുറത്തും സംഘം പരിശോധന നടത്തി. മരണ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

വൈകിട്ട് ആറ് മണിയോടെയാണ് ഐ.സി.ടി എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിൽ തെളിവ് ശേഖരിക്കാൻ എത്തിയത്. കൊലപാതക പരമ്പരയിൽ ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടിൽ വച്ചാണ് നടന്നത്. ഇതിൽ പോസ്റ്റ് മോർട്ടം നടന്നിട്ടില്ലാത്ത അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളിൽ തെളിവ് ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ തന്നെ പൊന്നാമറ്റെത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഇരു മരണങ്ങളുമായി ബന്ധപ്പെട്ട അയൽ വീട്ടുകാരിൽ നിന്നും സംഘം മൊഴിയെടുത്തു. വൈകീട്ട് എത്തിയ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം സൂക്ഷ്മമായ പരിശോധനകളിലൂടെയാണ് തെളിവുകൾ തേടുന്നത്.