LiveTV

Live

Kerala

ജോളിയെ വീണ്ടും പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുക്കുന്നു: ഷാജുവിനെയും സക്കറിയാസിനെയും ചോദ്യംചെയ്ത് വിട്ടയച്ചു

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ചോദ്യംചെയ്യലിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഇരുവരും പറഞ്ഞു.

ജോളിയെ വീണ്ടും പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുക്കുന്നു: ഷാജുവിനെയും സക്കറിയാസിനെയും ചോദ്യംചെയ്ത് വിട്ടയച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുക്കുന്നു. ഫോറന്‍സിക് പരിശോധനക്ക് ശേഷമാണ് തെളിവെടുപ്പ്. ഇത് രണ്ടാം തവണയാണ് ജോളിയെ പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുക്കുന്നത്.

അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയാസിനെയും ചോദ്യംചെയ്ത് വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. ജോളിയേയും ഒപ്പം ഇരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ചോദ്യംചെയ്യലിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഷാജുവും സക്കറിയാസും പറഞ്ഞു.

അതേസമയം കേസിലെ പ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. 5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മാത്യു മൊഴി നല്‍കി. വടകര എസ്.പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.

അതിനിടെ കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിനായി ഐ.സി.ടി എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വടകരയിലെത്തി. മരണ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു.

വൈകിട്ട് ആറ് മണിയോടെയാണ് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിൽ തെളിവ് ശേഖരിക്കാൻ എത്തിയത്. കൊലപാതക പരമ്പരയിൽ ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടിൽ വച്ചാണ് നടന്നത്. ഇതിൽ പോസ്റ്റ് മോർട്ടം നടന്നിട്ടില്ലാത്ത അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളിൽ തെളിവ് ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ തന്നെ പൊന്നാമറ്റെത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഇരു മരണങ്ങളുമായി ബന്ധപ്പെട്ട അയൽ വീട്ടുകാരിൽ നിന്നും സംഘം മൊഴിയെടുത്തു. വൈകീട്ട് എത്തിയ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം സൂക്ഷ്മമായ പരിശോധനകളിലൂടെയാണ് തെളിവുകൾ തേടുന്നത്.