LiveTV

Live

Kerala

കൂടത്തായി കൊലപാതകം; പരാതിക്കാരനായ റോജോ നാട്ടിലെത്തി

അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും എത്തിയത്

കൂടത്തായി കൊലപാതകം; പരാതിക്കാരനായ റോജോ നാട്ടിലെത്തി

കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരന്‍ റോജോ കേരളത്തിലെത്തി. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് അമേരിക്കയില്‍ പ്രവാസിയായ റോജോ നാട്ടിലേക്ക് വന്നത്. കേസില്‍ ഇന്ന് പലയിടത്തായി ആറ് പേരുടെ മൊഴിയെടുത്തു.

കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മയുടെയും മകനും മുഖ്യപ്രതി ജോളിയുടെ ഭര്‍തൃ സഹോദരനുമായ റോജോയുടെ പരാതിയാണ് പരമ്പരക്കൊലയില്‍ വഴിത്തിരിവായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിയ റോജോ പൊലീസ് സംരക്ഷണയില്‍ വൈക്കത്തെ സഹോദരിയുടെ വീട്ടിലേക്ക് പോയി. റോജോയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പൊലീസ് കരുതുന്നത്. റോജോയില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. ജോളിയുമായും മരിച്ചവരുമായും ബന്ധമുള്ളവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ജോളിയുടെ കട്ടപ്പനയിലെ തറവാട്ടുവീട്ടിലെത്തിയ ഒരു സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. ഒരു വനിതാ പോലീസ് ഉൾപ്പെട്ട നാലംഗ സംഘം വീട്ടിൽ പരിശോധന നടത്തി. ജോത്സ്യന്‍ കൃഷ്ണകുമാറിന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ രണ്ട് പൊലീസ് സംഘം പരിശോധന നടത്തി. അന്നമ്മയുടെ മരണം അന്വേഷിക്കുന്ന സംഘവും ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന സംഘവുമാണ് ഇന്ന് ഇവിടെയെത്തിയത്.

ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി കോട്ടയത്തെ വീട്ടില്‍വെച്ച് രേഖപ്പെടുത്തി. ഷാജുവിന്റെ മകളുടെ മരണത്തിന് കാരണമായ ഭക്ഷണം തനിക്ക് തന്നത് ജോളിയാണെന്ന് ഷീന മൊഴി നല്‍കി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധു ജോസഫിന്റെ മൊഴിയും രേഖപ്പെടുത്തി. 5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് രണ്ടാം പ്രതി മാത്യു മൊഴി നല്‍കി. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നും മാത്യു പൊലീസിനോട് സമ്മതിച്ചു.