LiveTV

Live

Kerala

മരട്: ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റുടമകള്‍ക്കും ലഭിച്ചേക്കില്ല

രജിസ്ട്രേഷന്‍ രേഖകള്‍ പരിശോധിച്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ 14 ഫ്ലാറ്റുകളുടെ നഷ്ടപരിഹാര തുക കണക്കാക്കി.

മരട്: ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റുടമകള്‍ക്കും ലഭിച്ചേക്കില്ല

മരടില്‍ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റുടമകള്‍ക്കും ലഭിച്ചേക്കില്ല. രജിസ്ട്രേഷന്‍ രേഖകള്‍ പരിശോധിച്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ 14 ഫ്ലാറ്റുകളുടെ നഷ്ടപരിഹാര തുക കണക്കാക്കി. ഇതില്‍ മൂന്ന് ഉടമകള്‍ക്ക് മാത്രമാണ് കമ്മീഷന്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തത്.

ഗോള്‍ഡന്‍ കായലോരം, ആല്‍ഫ, സെറീന്‍ എന്നിവിടങ്ങളിലെ നാല് വീതവും ജെയ്ന്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ആറ് ഉടമകളുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ തുകയാണ് കമ്മീഷന്‍ ഇടക്കാല നഷ്ടപരിഹാരമായി ശിപാര്‍ശ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍ രേഖകള്‍ പരിശോധിച്ച് ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്. രജിസ്ട്രേഷന്‍ രേഖകളില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്ക് സുപ്രീംകോടതി ശിപാര്‍ശ ചെയ്ത 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം ലഭിക്കില്ലെന്നതാണ് നഷ്ടപരിഹാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. 51 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഉടമകള്‍ രേഖാമൂലം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

അതേസമയം ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായി ഉടമകള്‍ നല്‍കിയ കേസില്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നാളെ ആല്‍ഫ സെറീന്‍ നിര്‍മാതാക്കളും തൊട്ടടുത്ത ദിവസങ്ങളില്‍ ജെയ്ന്‍, ഹോളി ഫെയ്ത്ത് നിര്‍മാതാക്കളും ഹാജരാകണമെന്നാണ് നിര്‍ദേശം. അതിനിടെ ആല്‍ഫ അവെഞ്ചേഴ്സ് ഉടമ പോള്‍രാജ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പൊളിക്കുന്ന കമ്പനികള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറുകയുള്ളുവെന്ന് സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ വ്യക്തമാക്കി.