LiveTV

Live

Kerala

കൂടത്തായ് കൊലപാതക പരമ്പര; ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെും വീണ്ടും ചോദ്യം ചെയ്യും

കൂടത്തായ് കൊലപാതക പരമ്പര; ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെും വീണ്ടും ചോദ്യം ചെയ്യും

കൂടത്തായ് കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെും വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും നാളെ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോയിയുടെ സഹോദരന്‍ റോജോക്കും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതെ സമയം അന്വേഷണ സംഘം ഇടുക്കിയിലെത്തി ജോളിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തു. അറസ്റ്റിന് തൊട്ടുമുന്‍പ് ജോളി അഭിഭാഷകനെ കണ്ടുവെന്ന് എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവ് തെങ്ങുംകുടി ജോണിയുടെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്.

അന്വേഷണ സംഘത്തിലെ സി.ഐ. വിനേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും എത്തിയ സംഘമാണ് ജോണിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് രാജകുമാരിയിലെത്തിയ അന്വേഷണ സംഘം മൂന്ന് മണിക്കൂറോളം ജോണിയെ ചോദ്യം ചെയ്‌തു. ഒപ്പം സമീപ വാസികളോടും ജോണിയെപ്പറ്റി അന്വേഷണ സംഘം തിരക്കി. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ജോണി പറഞ്ഞു. അന്വേഷണ സംഘവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജോണി വ്യക്തമാക്കി.