LiveTV

Live

Kerala

പ്രളയം തകര്‍ത്ത വയനാട് പുത്തുമലയില്‍ പീപ്പ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഭവന പദ്ധതിക്ക് തുടക്കം

പ്രളയം തകര്‍ത്ത വയനാട് പുത്തുമലയില്‍ പീപ്പ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഭവന പദ്ധതിക്ക് തുടക്കം

പ്രളയം തകര്‍ത്ത വയനാട് പുത്തുമലയില്‍ കേരള പീപ്പ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഭവന പദ്ധതിക്ക് തുടക്കം. മേപ്പാടി കാപ്പുംകൊല്ലിയിൽ ആദ്യ വീടിന് തറക്കല്ലിട്ടു. ഫൗണ്ടേഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാക്കുന്ന 10 കോടിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷൻ കേരള വിപുലമായ പ്രളയാനന്തര പുനരധിവാസ പദ്ധതിക്കാണ് രൂപം നൽകിയത്. സംസ്ഥാനത്താകെ 100 വീടുകൾ നിർമ്മിച്ചു നൽകും. ഇതിൽ 25 വീടുകൾ വയനാട്ടിലും, 60 വീടുകൾ നിലമ്പൂരിലെ കവളപ്പാറ ദുരന്ത ബാധിതർക്കുമായി നൽകാനാണ് പദ്ധതി. പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 6 കുടുംബങ്ങൾക്കുള്ള വീടുകളുടെ തറക്കല്ലിട്ടു കൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.

പത്ത്മാസത്തിനകം പണിപൂർത്തിയാക്കിയ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി പറഞ്ഞു. 10 കോടി രൂപയുടെ വികസന പ്രവർത്തികളിൽ, കുടിവെള്ള പദ്ധതി, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, തൊഴിൽ മേഖലയിലും കാർഷിക രംഗത്തും ധനസഹായം എന്നിങ്ങനെയാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

വയനാട് സബ് കലക്ടർ എൻ.എസ്.കെ ഉമേശ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി നസീമ , കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തമ്പി, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ സഹദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന സബ്കലക്ടർ എൻ.എസ്.കെ ഉമേശിന് പീപ്പ്ൾസ് ഫൗണ്ടേഷനും പുത്തുമല നിവാസികളും ഉപഹാരങ്ങൾ നൽകി.