LiveTV

Live

Kerala

ആല്‍ഫൈന്റെ മരണത്തില്‍ പങ്കാളിത്തമില്ലെന്ന് ജോളി; കൊലപാതകം തെളിയിക്കുക വെല്ലുവിളിയെന്ന് അന്വേഷണ സംഘം 

ആല്‍ഫൈന്റെ മരണത്തില്‍ പങ്കാളിത്തമില്ലെന്ന് ജോളി; കൊലപാതകം തെളിയിക്കുക വെല്ലുവിളിയെന്ന് അന്വേഷണ സംഘം 

ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകം അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാകുന്നു. മറ്റ് അഞ്ച് കൊലപാതകങ്ങളും നടത്തിയത് താന്‍ തന്നെയാണെന്ന് ജോളി സമ്മതിക്കുമ്പോഴും ആല്‍ഫയിന്റെ മരണത്തിന് കാരണം താനല്ലെന്നാണ് ജോളി ‍അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ തെളിവ് സമാഹരിക്കുക കടുത്ത വെല്ലുവിളിയാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ഒരു വയസ്സുള്ള മകള്‍ ആല്‍ഫയിന്‍ മരിക്കുന്നത്. കുടുംബക്കാരെല്ലാം പങ്കെടുത്ത വലിയ പരിപാടിയായിരുന്നു അത്. ഭക്ഷണം വായിലേക്ക് വെച്ചയുടന്‍ തന്നെ കുട്ടി മടിയില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് വീണ് മരിക്കുകയായിരുന്നു. ഇവിടെ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അത് കൊണ്ട് മാത്രം കേസ് തെളിയിക്കാനാകില്ല. മാത്രമല്ല ഭക്ഷണം നല്‍കിയതും ജോളിയായിരുന്നില്ല. ഷാജുവിന്റെ സഹോദരി ഷീനയെന്ന ആന്‍സിയായിരുന്നു കുട്ടിക്ക് ഭക്ഷണം നല്‍കിയത്. ഭക്ഷണം ആന്‍സിക്ക് എടുത്ത് നല്‍കിയത് വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും. ഇതിലൊന്നും ജോളി ഏതെങ്കിലും തരത്തില്‍ തെറ്റായി ഇടപെട്ടതിനും സാക്ഷികളില്ല. മാത്രമല്ല കുട്ടി ബോധരഹിതയായി നിലം പതിച്ചതോടെ എല്ലാവരേയും പോലെ ആശുപത്രിയിലെത്തിക്കാനും മറ്റും ജോളിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയതിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ താന്‍ ആശുപത്രിയില്‍ എത്തിയതായും ജോളി തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ആല്‍ഫയിന്റെ മാതാവ് സിലിയുടേതടക്കമുള്ള അഞ്ച് കൊലപാതകങ്ങളിലെ പങ്കാളിത്വം സമ്മതിച്ച ജോളി ഇതില്‍ മാത്രം തനിക്ക് പങ്കാളിത്വമില്ലെന്ന് ആവര്‍ത്തിക്കുന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു.