LiveTV

Live

Kerala

‘ആല്‍ഫൈനെയും താന്‍ കൊന്നു’; കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കൊലപാതകവും ജോളി സമ്മതിച്ചു  

ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തിയാണെന്ന് ജോളി മൊഴി നല്‍കി. കല്ലറ തുറക്കാതിരിക്കാനും ജോളി ശ്രമം നടത്തിയതായും ആദ്യം സയനൈഡ് നല്‍കിയത് മാത്യുവല്ലെന്നുമാണ് ജോളിയുടെ നിര്‍ണായക മൊഴി.

‘ആല്‍ഫൈനെയും താന്‍ കൊന്നു’; കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കൊലപാതകവും ജോളി സമ്മതിച്ചു  

ഷാജുവിന്റെ മകള്‍ ആല്‍ഫൈയിനെ കൊലപ്പെടുത്തിയതും താന്‍ തന്നെയാണെന്ന് ജോളിയുടെ കുറ്റസമ്മതം. ബ്രഡില്‍ പൊട്ടാസ്യം സൈനയിഡ് തേച്ചാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘത്തോട് ജോളി പറഞ്ഞു. കൊല്ലാന്‍ തോന്നി, കൊന്നുവെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ജോളിയുടെ മറുപടി.

തുടക്കത്തില്‍‌ ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിഷേധിച്ച കൊലപാതമാണ് അവസാനം ജോളി ഏറ്റെടുത്തിരിക്കുന്നത്. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസം ബ്രെഡില്‍ സയനൈഡ് പുരട്ടിയാണ് ആല്‍ഫയിനെ കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത് ഇന്നത്തെ ചോദ്യം ചെയ്യലിലായിരുന്നു. ഷാജുവുമായുള്ള ജീവിതം ആഗ്രഹിച്ചപ്പോള്‍ അതിന് തടസമാകുമെന്ന് കരുതിയാണ് ആദ്യം ആല്‍ഫൈനേയും പിന്നീട് സിലിയേയും ഇല്ലാതാക്കിയത്. ആല്‍ഫൈന്റെ മരണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇന്നലവരെ ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഭക്ഷണം കൊടുത്തത് താനായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ജോളി കുറ്റം നിഷേധിച്ചിരുന്നത്. എന്നാല്‍ ഇത്രയും ജനങ്ങള്‍ക്കിടയില്‍ വെച്ച് എങ്ങനെ പൊട്ടാസ്യം സയനൈഡ് ബ്രേഡില്‍ തേച്ചുവെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ജോളി നല്‍കിയിട്ടില്ല. സാഹചര്യ തെളിവുകള്‍ നിരത്തി നിരവധി തവണ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കാന്‍ ജോളി തയ്യാറായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍ മരിക്കുന്നത്. കുടുംബക്കാരെല്ലാം പങ്കെടുത്ത വലിയ പരിപാടിയായിരുന്നു അത്. ഭക്ഷണം വായിലേക്ക് വെച്ചയുടന്‍ തന്നെ കുട്ടി മടിയില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് വീണ് മരിക്കുകയായിരുന്നു. ഇവിടെ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അത് കൊണ്ട് മാത്രം കേസ് തെളിയിക്കാനാകില്ല. മാത്രമല്ല ഭക്ഷണം നല്‍കിയതും ജോളിയായിരുന്നില്ല. ഷാജുവിന്റെ സഹോദരി ഷീനയെന്ന ആന്‍സിയായിരുന്നു കുട്ടിക്ക് ഭക്ഷണം നല്‍കിയത്. ഭക്ഷണം ആന്‍സിക്ക് എടുത്ത് നല്‍കിയത് വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും. ഇതിലൊന്നും ജോളി ഏതെങ്കിലും തരത്തില്‍ തെറ്റായി ഇടപെട്ടതിനും സാക്ഷികളില്ല. മാത്രമല്ല കുട്ടി ബോധരഹിതയായി നിലം പതിച്ചതോടെ എല്ലാവരേയും പോലെ ആശുപത്രിയിലെത്തിക്കാനും മറ്റും ജോളിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയതിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ താന്‍ ആശുപത്രിയില്‍ എത്തിയതായും ജോളി തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ആല്‍ഫൈന്റെ മാതാവ് സിലിയുടേതടക്കമുള്ള അഞ്ച് കൊലപാതകങ്ങളിലെ പങ്കാളിത്വം സമ്മതിച്ച ജോളി ഇതില്‍ മാത്രമായിരുന്നു കുറ്റം സമ്മതിക്കാതിരുന്നത്.