LiveTV

Live

Kerala

ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെ

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും ജോളി ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കി.

ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെ

ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. റോയി തോമസിന്റെ ഫോണില്‍ നിന്നാണ് മാത്യുവിനെ വിളിച്ചത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും ജോളി ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കി.

മാത്യു നല്‍കിയ സയനൈഡ് ഉപയോഗിച്ചായിരുന്നു റോയിയെ ജോളി കൊലപ്പെടുത്തിയത്. മരണം ഉറപ്പായതിന് പിന്നാലെ ജോളി വിവരം ഫോണില്‍ വിളിച്ച് മാത്യുവിനോട് പറഞ്ഞുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനാല്‍ തന്നെ ജോളിയുടെ എല്ലാ നീക്കങ്ങളും കൂട്ടുപ്രതി മാത്യുവിന് അറിയാമായിരുന്നുവെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം. ആദ്യ ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ മാതൃകയില്‍ തന്നെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ഇല്ലാതാക്കാന്‍ ജോളി തീരുമാനിച്ചിരുന്നു.

ഇതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണിനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പിരിയാന്‍ കഴിയാത്ത രീതിയിലുള്ള ബന്ധമായി ജോണ്‍സണുമായുള്ള അടുപ്പം മാറിയിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ജോണ്‍സണിനൊപ്പം പലയിടത്തും പോയിട്ടുണ്ട്. ഓണകാലത്ത് കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കായിരുന്നു. ഒപ്പം ജോണ്‍സണും ഉണ്ടായിരുന്നതായും ജോളി മൊഴി നല്‍കി.