LiveTV

Live

Kerala

രാജമലയില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക് രക്ഷകനായത് ഓട്ടോഡ്രൈവര്‍; വനപാലകര്‍ പേടിച്ചോടി 

പ്രേതഭയം മൂലം കുട്ടിയെ വനംവകുപ്പ് വാച്ചർമാർ രക്ഷിച്ചില്ല. വനംവകുപ്പ് രഹസ്യമാക്കി വച്ച സി.സി ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്.

രാജമലയില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക്  രക്ഷകനായത് ഓട്ടോഡ്രൈവര്‍; വനപാലകര്‍ പേടിച്ചോടി 

മൂന്നാർ രാജമലയില്‍ ജീപ്പില്‍നിന്ന് തെറിച്ചുവീണ ഒരു വയസുകാരിയെ രക്ഷിച്ചത് ഓട്ടോറിക്ഷാ ഡ്രൈവർ. കുട്ടിയെ രക്ഷിച്ചതിന്റെ അവകാശവാദവുമായി നേരത്തെ വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പ്രേതമെന്ന് കരുതി കുട്ടിയുടെ അടുത്തെത്താതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടിച്ചുനിന്നപ്പോള്‍ ഓട്ടോ ഡ്രൈവർ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്. ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടു.

സെപ്റ്റംബർ ഒമ്പതിന് പഴനിയില്‍ ക്ഷേത്രസന്ദർശനം നടത്തി തിരികെ മടങ്ങിയ അടിമാലി കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് ഒരുവയസുകാരി അബദ്ധത്തില്‍ റോഡില്‍ വീണത്. അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചത് എന്ന വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മീഡിയവണ്‍ ഇന്ന് പുറത്തുവിട്ട അന്നത്തെ പൂർണ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ കനകരാജാണെന്ന് വ്യക്തമാണ്. കുട്ടിയെ റോഡില്‍ കണ്ടിട്ടും പ്രേതശല്യമുള്ള സ്ഥലമാണെന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കി നില്‍ക്കെയാണ് കനകരാജ് സ്ഥലത്തെത്തി കുട്ടിയെ രക്ഷിച്ച് ചെക് പോസ്റ്റിലേക്ക് എത്തിച്ചത്.

റോഡിന് എതിർവശത്ത് വലിയ ഗർത്തമുണ്ട് എന്നറിയാമായിട്ടും കുട്ടി മുട്ടിലിഴഞ്ഞ് പോകുന്നത് കണ്ടിട്ടും വനംവകുപ്പ് വാച്ചർമാർ നോക്കി നില്‍ക്കുകയായിരുന്നു. കുട്ടിയെ രക്ഷിച്ചത് താനാണെന്ന് ഓട്ടോ ഡ്രൈവർ മൂന്നാർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വനംവകുപ്പ് വാച്ചർമാരില്‍ നിന്ന് വലിയ വീഴ്ചയാണ് സംഭവത്തിലുണ്ടായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. സംഭവത്തിന്റെ ക്രെഡിറ്റ് തട്ടാതെ നിജസ്ഥിതി വനംവകുപ്പ് തുറന്നു പറയേണ്ടിയിരുന്നുവെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ മീഡിയ വണ്‍ വാർത്തയോട് പ്രതികരിച്ചു.