LiveTV

Live

Kerala

കൂടത്തായി കൊലപാതക പരമ്പര: കേസ് കോടതിയില്‍ തെളിയിക്കുക വെല്ലുവിളിയാണെന്ന് ഡി.ജി.പി

പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ഡി.ജി.പി താമരശേരി ഡി.വൈ.എസ്.പിയെ കണ്ടശേഷം വടകരയിലേക്ക് തിരിച്ചു.

കൂടത്തായി കൊലപാതക പരമ്പര: കേസ് കോടതിയില്‍ തെളിയിക്കുക വെല്ലുവിളിയാണെന്ന് ഡി.ജി.പി

കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണ പുരോഗതി ഡി.ജി.പി ലോക്നാഥ് ബഹ്റ നേരിട്ടെത്തി വിലയിരുത്തി. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷം അന്വേഷണ സംഘവുമായി ഡി.ജി.പി ചര്‍ച്ച നടത്തി. കേസ് കോടതിയില്‍ തെളിയിക്കുക വെല്ലുവിളിയാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യപ്രതി ജോളിയെ ഡി.ജി.പിയും ചോദ്യം ചെയ്തു.

രാവിലെ പൊന്നാമറ്റം വീട്ടിലേക്കാണ് ഡി.ജി.പി നേരിട്ടെത്തിയത്. വീടും പരിസരവും വീക്ഷിച്ച ശേഷം ഡി.ജി.പി വടകര റൂറല്‍ എസ്.പി ഓഫീസിലെത്തി അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. സാക്ഷികളില്ലാത്ത കേസില്‍ തെളിവ് ശേഖരിക്കുക വെല്ലുവിളിയാണെന്ന് ഡി.ജി.പി പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ എവിടെ വേണമെന്ന കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടാനും തീരുമാനിച്ചു. ജോളിയെ അന്വേഷണ സംഘത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്തു.

തെളിവെടുപ്പില്‍ കിട്ടിയ വിവരങ്ങള്‍ കൂടി കോര്‍ത്തിണക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ തെളിവെടുപ്പിനിടെ കിട്ടിയ തവിട്ട് നിറത്തിലുള്ള പൊടി അന്വേഷണ സംഘത്തിന്റെ യോഗത്തിനിടെ ചിലര്‍ സൈനയിഡാണെന്ന സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഇത് കോടതി മുഖേനെ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. അന്വേഷണ സംഘം ഇന്നും പൊന്നാമറ്റം വീട് പരിശോധിച്ചു. ആല്‍ഫയിനെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ അഗസ്റ്റിന്‍, സിലിയുടെ ബന്ധു സേവ്യര്‍ തുടങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.